ഹിജാബ് വിവാദം അസഹിഷ്ണുതയുടെ ഭാഗം; നിയമം മാത്രം പറഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകും; പ്രതികരിച്ച് മുസ്ലിം ലീഗ്

പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം അസഹിഷ്ണുതയുടെ ഭാഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. ഒരു വിഭാഗം നടത്തുന്ന സ്‌കൂളില്‍ മറ്റ് വിഭാഗങ്ങളുടെ വസ്ത്രം പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഇതെല്ലാം ഒരു സഹകരണത്തില്‍ പോകേണ്ട കാര്യമാണ്. നിയമം മാത്രം പറഞ്ഞാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ വാര്‍ത്തസമ്മേളനം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. അത് മോശമായ കാര്യമാണ്. അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയല്ല. കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണിത്. നിയമം അനുസരിച്ച് വരികയാണെങ്കില്‍ കുട്ടിയെ പഠിപ്പിക്കാം എന്നാണ് സ്‌കൂള്‍ പറയുന്നത്. അത് എന്ത് നിയമം ആണെന്ന് പറയണം. കന്യാസ്ത്രീകളുടെ ശിരോവസ്ത്രം പോലെ ഒരു കുട്ടിയിടെ തലയിലെ ഒരുമുഴം തുണി മാത്രമാണ് ഹിജാബ്. അത് കണ്ടാല്‍ പേടിയാകും എന്ന് പറഞ്ഞ് ഒരു കുട്ടിയുടെ പഠനം മുടങ്ങിയത് നിര്‍ഭാഗ്യകരമാണ്. അത് ഇവിടെ സംഭിക്കാന്‍ പാടില്ലാത്ത ഒന്നാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ALSO READ : സർക്കാരിനെ വിരട്ടാൻ നോക്കേണ്ട; ഹിജാബ് വിഷയത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ ശിവൻകുട്ടി
ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കയറാന്‍ മാനേജ്മെന്റ് വിലക്കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here