കോതമംഗലത്ത് യുവാവിന് കീടനാശിനി നൽകി കൊലപ്പെടുത്തി പെൺ സുഹൃത്ത്; ഗ്രീഷ്മയ്ക്ക് പിന്നാലെ അദീനയും

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഷാരോണിന്റേത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ പാരിക്വിറ്റ് എന്ന കീടനാശിനി കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തുന്നത്. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് തെളിയുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. ഗ്രീഷ്മയുടെ അതേ പാത പിന്തുടർന്ന് തന്നെയാണ് ഇപ്പോൾ അദീനയും വിഷം നൽകിയിരിക്കുന്നത്. കൊച്ചി കോതമംഗലം സ്വദേശിയായ 38 വയസ്സുള്ള അൻസിലാണ് കൊല്ലപ്പെട്ടത്.
ഗ്രീഷ്മ ഷാരോണിന് നൽകിയ അതേ വിഷം തന്നെയാണ് അദീന അൻസിലിനും നൽകിയത്. പാരിക്വിറ്റ് എന്ന കീടനാശിനി കലർത്തിയാണ് അൻസിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ എന്തിലാണ് കലക്കി നൽകിയത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ചേലാടുള്ള ഒരു കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. അദീനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
അൻസിലിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. അൻസിൽ ഉൾപ്പെടെ പല യുവാക്കളുമായും അദീനയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതിലെ ഒരു യുവാവ് ജയിലിലാണ്. ഇയാൾ പുറത്തിറങ്ങുന്നതിന് മുമ്പ് അൻസിലിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്.
ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു അദീന താമസിച്ചിരുന്നത്. ഇവിടേക്ക് സ്ഥിരമായി അൻസിൽ എത്താറുണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് വീട്ടിലെത്തിയ അൻസിന് വിഷം നൽകുകയായിരുന്നു. അദീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കീടനാശിനി കണ്ടെത്തിയത്.
അൻസിൽ വിഷം കഴിച്ച് തന്റെ വീട്ടിൽ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അൻസിലിന്റെ വീട്ടിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ പോലീസാണ് അൻസിനെ ആശുപത്രിയിൽ എത്തിച്ചത്. യാത്രമധ്യേ ആംബുലൻസിൽ വച്ച് ബന്ധുവിനോട് അദീന തന്നെ ചതിച്ചുവെന്നും വിഷം നൽകിയെന്നും പറഞ്ഞിരുന്നു. കൂടാതെ അദീന അൻസിലിന്റെ ഉമ്മയോടും വിഷം നൽകുമെന്ന് പറഞ്ഞിരുന്നതായാണ് വിവരം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അൻസിൽ മരണപ്പെട്ടത്. അദീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here