ലത്തീന്‍ അല്ലെന്ന് പറഞ്ഞ് ഇത്തവണയും കോണ്‍ഗ്രസ് വെട്ടിതള്ളി; തൃക്കാക്കരയിലും ആറന്‍മുളയിലും അവഗണന; ദീപ്തി ഇനിയും കാത്തിരിക്കണം

കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം വനിതാ സംവരണം ആണെന്ന് വ്യക്തമായത് മുതല്‍ കേട്ട് തുടങ്ങിയതാണ് കോണ്‍ഗ്രസ് ജയിച്ചാല്‍ സ്ഥാനം ദീപ്തി മേരി വര്‍ഗീസിന് എന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി തന്നെയാണ് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രചരണത്തില്‍ മുന്നില്‍ നിന്നത്. സറ്റേഡിയം വാര്‍ഡില്‍ നിന്നും 1086 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മിന്നും ജയം നേടി ദീപ്തി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ മാത്രം ഉയരുന്ന മത സാമുദായിക സംഘടനകളുടെ അവകാശവാദങ്ങള്‍ ഈ വനിതാ നേതാവിനെ മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്.
ലത്തീന്‍ വിഭാഗത്തില്‍ നിന്നുളള വി.കെ.മിനിമോളെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മാര്‍ത്തോമ സഭയില്‍ നിന്നുള്ള ദീപ്തി വേണ്ട എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. . ലത്തീന്‍ സഭയും തങ്ങളുടെ ആളാകണം എന്ന് പരസ്യമായി ആവശ്യം ഉന്നയിച്ചു. കൂടാതെ എ,ഐ ഗ്രൂപ്പുകള്‍ കൂടി ഇറങ്ങിയതോടെ ദീപ്തി തെറിച്ചു. മിനിമോള്‍ മേയര്‍ കസേരയില്‍ ഇരുന്ന് കൊച്ചി ഭരിക്കും.
ആദ്യമായല്ല ദീപ്തി മേരി വര്‍ഗീസ് എന്ന വനിതാ നേതാവ് കോണ്‍ഗ്രസില്‍ ഒതുക്കപ്പെടുന്നത്. ആറന്‍മുള നിയമസഭാ സീറ്റില്‍ ദീപ്തിയുടെ പേര് 2021ല്‍ സജീവമായി പരിഗണിച്ചിരുന്നു. മാര്‍ത്തോമ സഭയും ഇതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കത്തില്‍ ഇത് ആംഗീകരിക്കപ്പെട്ടില്ല. കെ ശിദാസന്‍ നായര്‍ തന്നെ സ്ഥാനാര്‍ത്ഥിയായി. വീണ ജോര്‍ജിനോട് ഭംഗിയായി തോല്‍ക്കുകയും ചെയ്തു.
2022ല്‍ പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോഴും ദീപ്തിയുടെ പേര് ഉയര്‍ന്നു കേട്ടു. എന്നാല്‍ കോണ്‍ഗ്രസില്‍ മാത്രമുള്ള സ,ഹതാപ തരംഗം മുതലാക്കല്‍ എന്ന സ്ട്രാറ്റജിയില്‍ ഉമ തോമസ് മത്സര രംഗത്ത് എത്തി വിജയിച്ച് എംഎല്‍എ ആയി. ചെറിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി തന്നെ ദീപ്തി തുടര്‍ന്ന്. ഇതിനിടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും ദീപ്തിയുടെ പേര് ഉയര്‍ന്നു കേട്ടു. എന്നാല്‍ ആ സ്ഥാനത്ത് ജെബി മേത്തര്‍ ഇപ്പോഴും തുടരുകയാണ്. ഒപ്പം രാജ്യസഭ എംപിയായും തുടരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്ക് പാര്‍ട്ടിയിലെ സീനിയറുകളെ അവഗണിക്കരുതെന്ന് കെപിസിസി തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ദീപ്തിയുടെ കാര്യത്തില്‍ അതും പാലിക്കപ്പെട്ടില്ല. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായി രാഷ്ട്രീയം തുടങ്ങിയ ദീപ്തി ഇനി കൊച്ചി കോര്‍പ്പറേഷനിലെ വെറും ഒരു കൗണ്‍സിലറായി ഇരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാം. കഴിവ് മാനദണ്ഡമാക്കാത്ത രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ഈ നീതി മാത്രം ദീപ്തി പ്രതീക്ഷിച്ചാല്‍ മതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here