കൊച്ചിയിലെ പ്രമുഖ ഫ്ളാറ്റ് സമുച്ചയം അപകടാവസ്ഥയിൽ; പനമ്പിള്ളി നഗർ RDS അവന്യുവിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു

പൊളിച്ചുപണിയേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ആദ്യ നിർമാതാക്കളായ ആർഡിഎസ് പ്രോജക്ട്സിൻ്റെ കൊച്ചി പനമ്പിള്ളി നഗറിലെ 16 നില ഫ്ളാറ്റ് കെട്ടിടത്തിൻ്റെ (RDS Avenue One) പ്രധാന പില്ലറിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാർക്ക് ഒഴിയാൻ നിർദേശം. കെട്ടിടത്തിന് സ്ട്രക്ചറൽ തകരാർ സംഭവിച്ചു എന്ന് തന്നെയാണ് നിഗമനം.

പ്രധാന പില്ലറിൽ നിന്ന് സിമൻ്റ് ഇളകി അടർന്ന നിലയിലാണ്. ഇന്ന് രാവിലെ ഈ ഭാഗത്തു നിന്ന് ശബ്ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപെട്ടത്. ഇവിടെ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. ബലക്ഷയം പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ വശത്തുള്ള 16ഓളം ഫ്ലാറ്റുകളിലെ താമസക്കാരെയാണ് മാറ്റിപാർപ്പിക്കുന്നത്.
സ്ട്രക്ചറൽ തകരാർ ഉണ്ടെങ്കിലും പരിഹരിക്കാവുന്നത് ആണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് ഇവിടുത്ത ഫ്ലാറ്റുടമയായ എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതിനുള്ള പരിശോധനകൾ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇതുവരെയും ഇത്ര വലിയ പാർപ്പിട സമുച്ചയങ്ങൾ തകരാറിലായി ആളുകളെ ഒഴിപ്പിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ ഏത് തരം പരിശോധനകളാണ് ആവശ്യം എന്നതിൽ ഔദ്യോഗിക തലത്തിലും ഇടപെടൽ ആവശ്യമായി വരും. 20 വർഷത്തിൽ താഴെ പഴക്കം മാത്രമേ ഈ കെട്ടിടത്തിനുള്ളൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here