കൊടി സുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനത്തിൽ കേസെടുക്കാനാവില്ല; തെളിവില്ലെന്ന് പൊലീസ്

പൊലീസിനെ ഒന്നടങ്കം നാണക്കേടിലാക്കിയ സംഭവമായിരുന്നു ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസെടുക്കാൻ തെളിവില്ലെന്നാണ് പൊലീസിന്റെ വാദം. കഴിച്ചത് മദ്യമാണോ എന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും പൊലീസ് പറയുന്നു.

തലശ്ശേരി കോടതിയിൽ ഹാജരാക്കവെയാണ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസ് നോക്കിനിൽക്കെ പരസ്യമായി മദ്യപിച്ചത്. ഇവർക്ക് സഹായം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ പ്രതികൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികൾ സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. എന്നിട്ടും തെളിവുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചു കെഎസ്‌യു കണ്ണൂർ എസ് പിക്ക് പരാതി നൽകി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും നിയമത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും കെഎസ്‌യു ആരോപിച്ചു.

സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനും സംഭവത്തിൽ പ്രതികരിച്ചിരുന്നു. കൊടിയായാലും വടി ആയാലും അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസെടുത്താൽ പരോൾ ഉൾപ്പെടെ മുടങ്ങും എന്നതു കൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top