നോട്ടപ്പിശകില്‍ മറന്നു പോയ ബോയിംഗ് വിമാനം; 13 വര്‍ഷത്തിനു ശേഷം വീണ്ടെടുത്ത് ഉടമകള്‍

ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറുമൊക്കെ കാണാതാവുന്നതും, പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോവുന്നതും പതിവാണ്. എന്നാല്‍ ഒരു വിമാനം തന്നെ എയര്‍പോര്‍ട്ടില്‍ മറന്നു പോകുന്നതും വര്‍ഷങ്ങളായി പാര്‍ക്കിംഗ് ബെയില്‍ കിടന്നിട്ടും പഴയ ഉടമയും പുതിയ ഉടമയും തിരിച്ചറിയാതെ പോയത് അപൂര്‍വ സംഭവമാണ്. ഒടുക്കം എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ മുതലാളിമാരോട് ഈ അപ്പൂപ്പന്‍ വിമാനം ചുമന്നു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഉടമകള്‍ പോലും ഇക്കാര്യം അറിയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ 2022 ലാണ് ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന പൊതുമേഖല എയര്‍ലൈന്‍സിനെ വിറ്റഴിക്കാതെ തരമില്ലാതെ വന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് വിറ്റത്. ഈയടുത്ത കാലത്ത് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ ഉടമകളോട് ഈ വിമാനം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘വണ്ടി’യെക്കുറിച്ച് അറിയുന്നത്. 1982ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 737- 200 ഇനത്തിലുള്ള വിമാനം വാങ്ങിയത്. 1998ല്‍ എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പിനിയായ അലയന്‍സ് എയറിന് പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. 2007 മുതല്‍ കുറച്ചു കാലം ഈ വിമാനം ഇന്ത്യാ പോസ്റ്റ് ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചു വരികയായിരുന്നു. 2012ല്‍ ഈ വിമാനം ഡി കമ്മിഷന്‍ ചെയ്തിരുന്നു.

ഇനിയാണ് യഥാര്‍ത്ഥ ട്വിസ്റ്റ്. എയര്‍ ഇന്ത്യാ വിമാന കമ്പനി ടാറ്റാ ഗ്രൂപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ട ചര്‍ച്ചകളും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് ടേക്ക് ഓവര്‍ പൂര്‍ണതയിലെത്തിയത്. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളടേയും വിമാനങ്ങളുടേയും വിശദമായ പട്ടിക തയ്യാറാക്കിയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. പക്ഷേ അപ്പോഴൊന്നും കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേയില്‍ കിടക്കുന്ന വിമാനത്തിന്റെ കാര്യം എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപ്പും ഓര്‍ത്തില്ല.

13 വര്‍ഷമായി പാര്‍ക്കിംഗ് ബെയില്‍ കിടക്കുന്ന വിമാനത്തിന്റെ പാര്‍ക്കിംഗ് ഫീ കുടിശ്ശിക തന്ന് ഈ അപ്പൂപ്പനെ എടുത്തുമാറ്റണം എന്ന് ആവശ്യപ്പെട്ട് ഈയടുത്ത കാലത്ത് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ കത്ത് വന്നപ്പോഴാണ് കളഞ്ഞു പോയ മൊതലിനെ ക്കുറിച്ച് ടാറ്റാ ഗ്രൂപ്പിനും ഉള്‍വിളി ഉണ്ടായത്. ഈ മാസം 14നാണ് വിമാനം പാര്‍ക്കിംഗ് ബേയില്‍ നിന്ന് മാറ്റിയത്. മുന്‍ കാലത്തേയും പുതിയ ഉടമകളുടേയും എയര്‍പോര്‍ട്ട് അധികാരികളുടേയും നോട്ടക്കുറവാണ് ഈ സംഭവത്തിന് കാരണം.

കഴിഞ്ഞ ആഴ്ച ഈ ‘വൃദ്ധ’നെ അഴിച്ചു പെറുക്കി റോഡുമാര്‍ഗം കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചു. വര്‍ഷങ്ങളായി എയര്‍പോര്‍ട്ടിലെ ഏപ്രണ്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട പഴയ വിമാനങ്ങള്‍ മുഴുവന്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അതോറിറ്റി എടുത്തു മാറ്റി. വിമാനത്താവള വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കുടി ഒഴിപ്പിക്കല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top