അള്‍ത്താരയിൽ നിന്ന് തിരുവസ്ത്രത്തില്‍ വികാരിയുടെ വിദ്വേഷ പ്രസംഗം; പണത്തിന്റെ കണക്ക് ചോദിച്ചവര്‍ പിശാചുക്കള്‍; പിഴയിട്ട് കോടതി

അള്‍ത്താരയുടെ മുന്നില്‍ നിന്ന് ഇടവക ജനങ്ങളോട് എന്തും വിളിച്ചു പറയുന്ന പള്ളീലച്ചന്മാര്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട – പള്ളി പണിക്ക് ചെലവായ തുകയുടെ കണക്കു ചോദിച്ച രണ്ടു വിശ്വാസികളുടെ പേരെടുത്തു പറഞ്ഞ് അധിക്ഷേ പ്രസംഗം നടത്തിയതിന് പളളി വികാരിക്ക് കോടതി രണ്ട് ലക്ഷം രൂപ പിഴയിട്ടു. കൊല്ലം ലത്തീന്‍ രൂപതയിലെ തലമുകില്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി ജോസഫ് കടവിലിനെയാണ് കുര്‍ബാന മധ്യേ വിദ്വേഷ പ്രസംഗം നടത്തിയതിന് കരുനാഗപ്പള്ളി മുന്‍സിഫ് കോടതി ശിക്ഷിച്ചത്.
ഇടവകയിലെ അംഗങ്ങളായ ജോസ് വര്‍ഗീസ്, ബ്രൂണോ ജാക്‌സണ്‍ എന്നിവരാണ് പരാതിക്കാര്‍. 2019 ഡിസംബര്‍ ഒന്നിന് ആരാധനാ മധ്യേ വികാരി ജോസഫ് കടവില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് മാനഹാനി വരുത്തിയെന്ന് കാണിച്ചാണ് ഇരുവരും അഡ്വ ബോറിസ് പോള്‍ മുഖാന്തിരം കോടതിയെ സമീപിച്ചത്. പൊതുമധ്യത്തില്‍ പരാതിക്കാരെ കരുതിക്കൂട്ടി അവഹേളിക്കാൻ നടത്തിയ പ്രസംഗമായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. പരാതിക്കാരായ രണ്ടു പേര്‍ക്കും ഓരോ ലക്ഷം രൂപയും കോടതി ചെലവിനായി 75,000 രൂപ വീതവും നല്‍കാന്‍ കോടതി വിധിച്ചു.
“കഴിഞ്ഞ ഒരു മാസമായിട്ട് ഞാന്‍ വ്യക്തമായി പറയുന്നു, ഇവിടെ ഒരു ആലയം ഉയരുമ്പോള്‍ വണ്ടി പിടിച്ച് പിശാച് വരും സംശയമൊന്നുമില്ല. പുറത്തു നിന്നല്ല, ഇവിടെ അത് ഏത് രൂപത്തിലും വരും. ആരുടെ രൂപത്തിലും വരും. ഞാന്‍ വരുന്ന വഴിയില്‍ രണ്ട് യുവാക്കളെ കാണുകയുണ്ടായി. ഈ യുവജന പ്രതിഭകള്‍, പേരെടുത്തു ഞാന്‍ പറയുന്നു, ഒന്നാമത്തെ അവാര്‍ഡ് നല്‍കേണ്ട വ്യക്തി ജോസ് വര്‍ഗീസ്, രണ്ടാമത്തെ അവാര്‍ഡ് നല്‍കേണ്ട വ്യക്തി ബ്രൂണോ ജാക്‌സണ്‍, മൂന്ന് ജാക്‌സണ്‍ വിന്‍സന്റ്, നാല് ലിയോണ്‍ മരിയന്‍. ഈ നാല് മുതിര്‍ന്നവരാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ പോകുന്നത്. അവരെ പൊന്നാടയണിയിച്ച് അവര്‍ ചെയ്ത സേവനങ്ങള്‍ക്ക് അവരുടെ ഫോട്ടോ വെച്ച് അവര്‍ക്ക് ഒരു ആദരവ് മൊമെന്റോ നമ്മള്‍ പുതിയ ദേവാലയ ആശിര്‍വാദ സമയത്ത് നല്‍കും….”
“അതു കൊണ്ട് ഇടവക കുടുംബത്തിന് അസ്വസ്ഥത വിതയ്ക്കാന്‍ ചിലരെങ്കിലും മന:പൂര്‍വ്വം പരിശ്രമിക്കുന്നു. സത്യം പറയുമ്പോള്‍ അവരുടെയൊക്കെ നെറ്റി ചുളിയും. അസ്വസ്ഥരാകും, ഇന്ന് പതിവില്ലാതെ പലരും വന്നിട്ടുണ്ട്. പലരുടേയും ഫോണ്‍ ഓണ്‍ ആണ്”…. ഇതായിരുന്നു വികാരി ജോസഫ് കടവിലിന്റെ പസംഗം.
പൊതുമധ്യത്തില്‍ പരാതിക്കാരെ അവഹേളിച്ച് പ്രസംഗിക്കാനും അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്താനും ഇടവക വികാരിക്ക് യാതൊരു അവകാശവുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് കൂടാതെ പരാതിക്കാര്‍ക്കെതിരെ മലയാള മനോരമ പത്രത്തിലും വ്യാജ പ്രസ്താവനകളും ഇദ്ദേഹം ഇടപെട്ട് പ്രസിദ്ധീകരിച്ചിരുന്നു.
കോടതി സമന്‍സ് അയച്ചിട്ടും പ്രതി ജോസഫ് കടവില്‍ മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി എക്‌സ്പാര്‍ട്ടി വിധി പ്രസ്താവം നടത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here