ഫോറന്‍സിക് ലാബിന്റെ ഗതികേട്; ജീവനൊടുക്കിയ എപിപി അനീഷ്യയുടെ ഐഫോണ്‍ ഗുജറാത്തിലേക്ക്; ഒരുവര്‍ഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം

കൊല്ലം- പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യയുടെ ആത്മഹത്യ നടന്നിട്ട് ഒരു കൊല്ലമായിട്ടും കേസിലെ നിര്‍ണായക തെളിവായ ഐഫോണ്‍ തുറക്കാന്‍ കഴിയാതെ സംസ്ഥാന ക്രൈംബ്രാഞ്ച്. ഫോണ്‍ തുറക്കുന്നതില്‍ സംസ്ഥാന ഫോറന്‍സിക് ലബോറട്ടറി പരാജയപ്പെട്ടതോടെ, ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയിലേക്ക് (NFSU) അയയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
2024 ജനുവരി 21-നാണ് പരവൂര്‍ മുന്‍സിഫ് കോടതിയിലെ എപിപി. ആയിരുന്ന അനീഷ്യയെ (44) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന നിര്‍ണായകമായ ശബ്ദസന്ദേശങ്ങളും ഡിജിറ്റല്‍ രേഖകളും അനീഷ്യയുടെ ഐഫോണില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, ഒരു വര്‍ഷത്തിലേറെയായി ഫോണിന്റെ പാസ്വേഡ് കണ്ടെത്താനോ, തെളിവുകള്‍ ശേഖരിക്കാനോ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കഴിഞ്ഞില്ല. ഗുജറാത്തിലെ ലാബില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള ചെലവിലേക്കായി 19,004 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒരു മൊബൈല്‍ ഫോണ്‍ പാലും തുറക്കാന്‍ കഴിയാത്ത സംസ്ഥാനത്തെ ഫോറന്‍സിക് സംവിധാനത്തിന്റെ ദയനീയാവസ്ഥയാണ് തുറന്നുകാട്ടുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള പുതിയ കാലത്ത്, നിര്‍ണായക കേസുകളിലെ തെളിവുകള്‍ വിശകലനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് അന്വേഷണത്തില്‍ വലിയ കാലതാമസമുണ്ടാക്കുകയും തെളിവുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. മുമ്പും സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളുടെ പരിമിതികള്‍ക്കെതിരെ ഹൈക്കോടതി ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനെയും എപിപി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പ് അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.
തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതി ചേര്‍ത്തിവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വ്യാജ രേഖകളുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതികളെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും അനീഷ്യയുടെ രക്ഷിതാക്കള്‍ സമീപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here