ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ കടുത്ത നിലപാടുമായി സർക്കാർ; സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത നിലപാടെടുത്ത് സർക്കാർ. സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചണ് മിഥുന്റെ മരണത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ പ്രോട്ടോകോൾ സംബന്ധിച്ചുള്ള കർശന നിർദ്ദേശം നൽകിയിരുന്നു . മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. എന്നിട്ടും ദാരുണമായ സംഭവമാണ് ഉണ്ടായത്. ഹെഡ്മിസ്ട്രസിനെ പിരിച്ചുവിട്ടെന്നും മാനേജറെ അയോഗ്യനാക്കിയെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ‘കേരളത്തിന്റെ മകനാണ് മിഥുൻ’ എന്നും ആ മകന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ നൽകും. കെഎസ്ഇബി അഞ്ചുലക്ഷവും സ്കൂൾ മാനേജ്മെന്റ് 10 ലക്ഷവും അധ്യാപക സംഘടന 10 ലക്ഷം രൂപയും നൽകുമെന്നും മന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here