കൂടത്തായി കൂട്ടക്കൊല; റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന് തന്നെ; മൊഴി നൽകി ഫോറൻസിക് സർജൻ

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതിയായ ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽചെന്നെന്ന് ഫോറൻസിക് സർജന്റെ മൊഴി. കോടതിയിൽ ഇന്ന് നടന്ന സാക്ഷി വിസ്താരത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സർജൻ ഡോക്ടർ കെ പ്രസന്നൻ മൊഴി നൽകിയത്.
ഇക്കാര്യത്തിൽ ഉണ്ടായ സംശയം സ്ഥിരീകരിക്കാനാണ് രാസപരിശോധന നടത്തിയത്. ഇതിലാണ് സയനൈഡാണ് മരണകാരണമെന്ന് ഉറപ്പിച്ചത്. കടലക്കറിയിൽ സയനൈഡ് കലർത്തിയാണ് ജോളി ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നാണ് ജോളി മൊഴി നൽകിയിരുന്നത്.
2002 മുതൽ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ പിതാവ് ടോം തോമസ്, റോയിയുടെ അമ്മ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി , മകൾ ആൽഫൈൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
റോയ് തോമസിന്റെ സഹോദരന്റെ പരാതിയെ തുടർന്നാണ് വർഷങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകങ്ങൾക്ക് പിന്നിൽ ജോളിയാണെന്ന് കണ്ടെത്തിയത്. 2019 ഒക്ടോബറിൽ ആണ് കോഴിക്കോട് റൂറൽ പോലീസ് ജോളിയെ അറസ്റ്റ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here