കൂത്തുപറമ്പ് വെടിവയ്പ്പില്‍ രവാഡ ചന്ദ്രശേഖര്‍ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ല; ഇതുവരെ പ്രസംഗിച്ചതെല്ലാം വിഴുങ്ങി സിപിഎം

കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട രവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി ആയതോടെ ഇതുവരെ പറഞ്ഞതും പ്രസംഗിച്ചതുമെല്ലാം തിരുത്തി സിപിഎം. സംസ്ഥാന വ്യാപകമായി നവംബര്‍ 25ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ രവാഡ ചന്ദ്രശേഖര്‍ അടക്കം അന്ന് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ എല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ പതിവ്.

പലപ്പോഴും ഈ ഉദ്യോഗസ്ഥര്‍ കാലൻമാരാണെന്നും കാലു വെട്ടണം എന്നുവരെ പ്രസംഗിച്ച് അണികളെ ആവേശ ഭരിതരാക്കിയിട്ടുണ്ട് നേതാക്കള്‍. എന്നാല്‍ അതെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രവാഡയെ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ ഇരുത്തിയതോടെ പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ നെട്ടോട്ടം ഓടുകയാണ് നേതാക്കള്‍.

രവാഡയെ ന്യായീകരിക്കാന്‍ കൂത്തുപറമ്പ് വെടിവയ്പ്പ് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ ആയുധമാക്കുന്നത്. “എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ വെടിവെക്കാനുള്ള ഉത്തരവ് നടപ്പിലാക്കിയത് എഎസ്പി ആര്‍എ ചന്ദ്രശേഖറായിരുന്നു. വെടിവെപ്പിന്റെ കാര്യത്തില്‍ അതിന് തുനിയണമോ വേണ്ടായോ എന്നതില്‍ തീരുമാനം എടുക്കേണ്ട ചുമതല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനാണ്. ഈ സംഭവത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉണ്ടായിരുന്നു. അദ്ദേഹം ആവശ്യമായ ഉത്തരവ് നല്‍കുകയും ചെയ്തു. എഎസ്പി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് എഎസ്പി എന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില്ലറ വീഴ്ചകള്‍ പൊറുക്കാവുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുമലില്‍ ഉത്തരവാദിത്തം ഏറ്റിവെക്കാന്‍ കാരണമൊന്നും കാണുന്നില്ല”. ഇതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ രവാഡയെ കുറിച്ചുള്ള പരാമര്‍ശം.

ഇത്തരത്തില്‍ പ്രതിരോധം ഒരുക്കുമ്പോഴും സിപിഎം മിണ്ടാത്ത ഒരു കാര്യമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും രവാഡ ചന്ദ്രശേഖര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് ഇകെ നായനാര്‍ സര്‍ക്കാര്‍ കേസെടുത്തത്. ഇതില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് സിപിഎം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here