ചക്ക ചതിച്ചു; അടിക്കാതെ ‘ഫിറ്റായി’ കെഎസ്ആർടിസി ജീവനക്കാർ

പന്തളം കെഎസ്ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് എത്തിയത് തന്റെ വീട്ടിൽ വിളഞ്ഞ ചക്ക ചുളകളുമായിട്ടായിരുന്നു. മധുരമുള്ള പഴുത്ത തേൻ വരിക്ക അദ്ദേഹം തന്റെ സഹപ്രവർത്തകർക്ക് പങ്കിട്ട് നൽകി. ചക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറാൻ ഇറങ്ങിയ ഡ്രൈവർമാർ പക്ഷേ പെട്ടു. കെഎസ്ആർടിസി ജീവനക്കാർ ഡ്യൂട്ടിക്കെത്തുമ്പോൾ മദ്യപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന പതിവാണ്.
മധുരമുള്ള തേൻവരിക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറുന്നതിന് മുന്നോടിയായി ബ്രത്തലൈസറിൽ ഊതിയ ഡ്രൈവർമാരിൽ ഒരാൾ പെട്ടു. ബ്രെത്ത്അനലൈസര്‍ പൂജ്യത്തിൽനിന്ന് കുതിച്ചുയർന്ന് പത്തിലെത്തി. തന്റെ നിരപരാധിത്വം തെളിയിക്കാനായി രക്ത പരിശോധന നടത്താം എന്നായി ഡ്രൈവർ. സഹ പ്രവർത്തകൻ പറയുന്നത് ശരിയാണെന്ന് തോന്നിയെങ്കിലും മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി മേലുദ്യോഗസ്ഥർ.
ഒടുവിൽ സാംപിൾ പരിശോധന നടത്താമെന്നായി ജീവനക്കാർ. ഇതോടെ നേരത്തെ പരിശോധനയിൽ വിജയിച്ചവരെ വീണ്ടും പരിശോധിപ്പിച്ച് പരീക്ഷണം നടത്തി. ആദ്യം ഊതിയപ്പോൾ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോൾ ബ്രത്തലൈസറിൽ സൂചികകൾ മുകളിലേക്കുയർന്നു. അതോടെ വില്ലൻ ചക്കതന്നെയെന്ന് അധികൃതർ ഉറപ്പിച്ചു. മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ (Fermentation) അതിൽ ആൽക്കഹോൾ കണ്ടന്റ് കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഇതാണ് ജീവനക്കാർക്കാരെ കുഴക്കിയത്. നേരത്തെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബ്രെത്ത്അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വില്ലൻ ഹോമിയോ മരുന്നെന്ന് പിന്നീട് കണ്ടെത്തിയതോടെ നടപടി ഒഴിവായിരുന്നു. കഷായം കുടിച്ച ജീവനക്കാരനെയും ബ്രെത്ത്അനലൈസര്‍ ചതിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here