മുൻ കെഎസ്‍യു നേതാവ് മദ്യലഹരിയിൽ ഇടിച്ചു തകർത്തത് 8 വാഹനങ്ങൾ; ആളുകൾ രക്ഷപെട്ടത് തലനാരിഴക്ക്

കോട്ടയത്ത് മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച മുൻ കെഎസ്‍യു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര വാഹനത്തിലെത്തിയ ജുബിൻ ലാലു ജേക്കബിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. 8 വാഹനങ്ങൾ ആണ് ഇയാൾ തകർത്തത്. തലനാരിഴക്കാണ് ആളുകൾ രക്ഷപ്പെട്ടത്.
സിഎംഎസ് കോളജിലെ വിദ്യാർത്ഥിയാണ് ജുബിൻ. കഴിഞ്ഞദിവസം വൈകിട്ടോടെ അമിതവേഗത്തിൽ പോയ കാർ ആദ്യം വാഹനങ്ങളിൽ ഇടിക്കുകയും പിന്നീട് വഴിയാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. പിന്നീട് മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്.
പോലീസിന്റെ പരിശോധനയിൽ മദ്യകുപ്പികളും, ലഹരി വസ്തുക്കളും ഇയാളുടെ കാറിൽ നിന്നും കണ്ടെടുത്തിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ഇയാളെ വൈദ്യ പരിശോധനായക്ക് വിധേയനാക്കി. കുടമാളൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. കഴിഞ്ഞവർഷം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇയാളെ കെഎസ്‍യുവിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ഇയാൾ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ജില്ലാ ഭാരവാഹി ആണെന്നാണ് അറിയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here