കുടുംബത്തിന് പത്തുലക്ഷം; മകന് ജോലിയും; വിമര്‍ശനത്തിന് ഒടുവില്‍ ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും പണം അനുവദിക്കുക. കൂടാതെ ബിന്ദുവിന്റെ മകന് ജോലി നല്‍കാനും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
ഇന്ന് ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും യോഗത്തില്‍ പങ്കെടുത്തു. തീരാദുരിതം അനുഭവിക്കുന്ന കുടുംബം എന്ന നിലയിലാണ് മകന് ജോലി നല്‍കുന്നത്. ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നേരിടാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അപകട സമയത്ത് അവിടെയെത്തിയ മന്ത്രിമാരായ വിഎന്‍ വാസവനും വീണ ജോര്‍ജും ആരും കെട്ടിടത്തില്‍ കുടുങ്ങിയിട്ടില്ലെന്ന് പ്രസ്താവന നടത്തിയിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് ബിന്ദു കുടുങ്ങിയതായുള്ള വിവരം ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here