മന്ത്രി വീണയും വാസവനും ശ്രമിച്ചത് അപകടത്തെ ലഘൂകരിക്കാന്‍; ആരുമില്ലെന്ന് പറഞ്ഞത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു; ആ ജീവന് ആര് ഉത്തരം പറയും

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ച. ഇടിഞ്ഞു വീണ കെട്ടിടത്തിനുളളില്‍ ഒരു സ്ത്രീ കുടുങ്ങിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ അറിഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദു.
ഉപയോഗിക്കാത്ത കെട്ടിടമാണെന്നും ആരു കുടുങ്ങിയിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വിഎന്‍ വാസവനും പറഞ്ഞത്. മുഖ്യമന്ത്രി അടക്കം കോട്ടയം ജില്ലയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാനായി ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ ആദ്യം വാസവനും പിന്നാലെ വീണ ജോര്‍ജും സ്ഥലത്ത് എത്തി. പ്രാഥമികമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നിട്ടായിരുന്നു ഉപയോഗിക്കാത്ത കെട്ടിടമാണെന്നും സമീപത്ത് നിന്നവര്‍ക്ക് മാത്രം നിസാര പരിക്ക് എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതും.
മന്ത്രിമാര്‍ ഈ രീതിയില്‍ പ്രതികരിച്ചതോടെ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലായി. ആരും ഇല്ല എന്ന വിശ്വാസത്തില്‍ ജെസിബി അടക്കം എത്തിച്ച് അവശിഷ്ടങ്ങള്‍ നീക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നത്. എന്നാല്‍ ഭാര്യയെ കാണാനില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് പരാതി നല്‍കിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. കുളിക്കാനായി പോയി എന്ന് കൂടി അറിഞ്ഞതോടെ ഇടിഞ്ഞ കെട്ടിടത്തിലെ കുളിമുറികള്‍ വരുന്ന ഭാഗത്ത് തിരച്ചില്‍ നടത്തി. ബിന്ദവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ആരും ഉപയോഗിക്കാത്ത കെട്ടിടം എന്ന് ആരോഗ്യമന്ത്രി പറഞ്ഞതും തെറ്റായിരുന്നു. കുളിക്കാനും മറ്റുമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഈ കെട്ടിടം ഉപയോഗിക്കുമായിരുന്നു. ഇക്കാര്യം ഒന്നും പരിശോധിക്കാതെ അപകടത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here