പിഞ്ചുകുഞ്ഞിന് മസ്തിഷ്കജ്വരം ബാധിച്ചത് കിണറ്റിൽ നിന്ന്; പരിസരത്തെല്ലാം ഊർജിത പരിശോധന

കോഴിക്കോട് മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് മസ്തിഷ്ക ജ്വരം ബാധിച്ചത് വീട്ടിലെ കിണറ്റിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. ചതിപ്പ് നിലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. വീട്ടിലെ കിണർ നിലവിൽ വറ്റിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ ജലവും പരിശോധനയ്ക്ക് അയച്ചു. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നാണ് മൂന്നു മാസം പ്രായമായ കുഞ്ഞിനും മറ്റൊരു യുവാവിനും രോഗബാധ സ്ഥിരീകരിച്ചത്. .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശ്ശേരി ആനപ്പാറ സ്വദേശി സനൂപിന്റെ മകളായ 9 വയസ്സുള്ള അനയ രോഗബാധ മൂലം മരിച്ചത്. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടി കുളിച്ചത്. കുട്ടിയുടെ രണ്ടു സഹോദരങ്ങളും സഹപാഠിയും പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവരുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.
പ്രദേശത്തു കടുത്ത ജാഗ്രത നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടി പഠിച്ച കോരങ്ങാട് എൽപി സ്കൂളിൽ ആരോഗ്യവകുപ്പ് നാളെ ബോധവൽക്കരണ ക്ലാസ് നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ആരും ഇറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here