സ്വന്തം കൂട്ടില്‍ വിസര്‍ജിക്കുന്ന കോണ്‍ഗ്രസുകാര്‍; യാദവ കുലത്തെ ഓര്‍മ്മിപ്പിക്കുന്ന കെപിസിസി നേതൃത്വം; ഇങ്ങനെ പോയാല്‍ വീണ്ടും പ്രതിപക്ഷത്തിരിക്കും

പൂമുഖത്ത് കയറിവന്ന മഹാലക്ഷ്മിയെ പുറംകാലിന് അടിച്ചോടിക്കുന്ന പരമ്പരയില്‍പ്പെട്ടവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയിലുള്ളവരില്‍ ബഹു ഭൂരിപക്ഷവും. പത്ത് വര്‍ഷമായി ഭരണത്തിന് പുറത്തായിട്ടും കാലുവാരിയും സഹപ്രവര്‍ത്തര്‍ക്ക് കുഴിമാടം തീര്‍ത്തും ആനന്ദം കണ്ടെത്തുന്ന ഒരുസംഘമാണ് ഈ പാര്‍ട്ടിയുടെ പുലകുളി അടിയന്തരം നടത്തുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ വന്നെത്തി നില്‍ക്കുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഒരുപറ്റം നേതാക്കള്‍ ജാതി പറഞ്ഞും, തമ്മിലടിച്ചും അണികളെ പരിഹസിക്കയാണ്.

ജനങ്ങള്‍ക്കിടയിലോ, അണികള്‍ക്കിടയിലോ സ്വാധീനമില്ലാത്ത ഒരുപറ്റം ഇത്തിള്‍ക്കണ്ണികളായ സംഘടനാ നേതാക്കളാണ് കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെതിരെ കൊട്ടാര വിപ്ലവം നടത്തുന്നത്. ഒരിക്കല്‍ അധികാര സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ പൃഷ്ഠത്തില്‍ ഫെവിക്കോള്‍ തേച്ച പോലെ കസേരയില്‍ അമര്‍ന്നിരിക്കുന്ന അധികാര മോഹികളാണ് എല്ലാക്കാലവും കോണ്‍ഗ്രസിനെ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ഇല്ലാതാക്കിയത്. എന്തുകൊണ്ടാണ് ഇത്തരം ചക്കളത്തി പോരാട്ടങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവുന്നത് എന്നുപോലും പരിശോധിക്കാതെ തെരുവില്‍ വിഴുപ്പലക്കാന്‍ ഇട്ടു കൊടുക്കുന്ന ദേശീയ നേതൃത്വമാണ് ഇപ്പോഴത്തെ അവസ്ഥക്ക് പ്രധാന ഉത്തരവാദി.

രണ്ടുമൂന്ന് മാസം മുമ്പ് 2026ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്നതായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രധാന തര്‍ക്ക വിഷയം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തും വിധത്തിലായിരുന്നു ആ തര്‍ക്കം അരങ്ങേറിയത്. കോണ്‍ഗ്രസ് രാഷ്ടീയം അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് തിരിച്ചറിയാത്ത ടെലിവിഷന്‍ ചാനല്‍ ലേഖകന്മാര്‍ക്കു വേണ്ടി വാര്‍ത്ത സൃഷ്ടിച്ചു കൊടുക്കുന്ന നേതാക്കളാണ് ഈ അലമ്പുകളുടെ എല്ലാം പിന്നില്‍. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ നാരായ വേരറുക്കുന്ന ഇത്തരം കോടാലിക്കൈകളാണ് എല്ലാക്കാലത്തും പാര്‍ട്ടിക്കുള്ളില്‍ അസ്ഥതകള്‍ സൃഷ്ടിക്കുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താനും പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം പുലത്താന്നും കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ ശാപം.

സ്വന്തം കസേര ഉറപ്പിക്കാന്‍ ഏത് തറക്കളിയും കളിക്കുന്നതിലെ വിരുതന്മാരാണ് ഇപ്പോള്‍ കത്തോലിക്ക കെപിസിസി പ്രസിഡന്റിന്റെ പേര് പറഞ്ഞ് കലാപം അഴിച്ചു വിടുന്നത്. അതുകൊണ്ടാണ് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. തങ്ങളുടെ അക്കൗണ്ടില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ കൊണ്ടുപോകേണ്ട എന്നാണ് കത്തോലിക്ക മുഖപത്രം തുറന്നടിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തെരുവു പട്ടികളെപ്പോലെ കടിപിടി കൂട്ടുകയാണ്. സ്വന്തം പാര്‍ട്ടിക്കെതിരെ കലാപം അഴിച്ചുവിട്ട് ആനന്ദം കണ്ടെത്തുന്ന ഡ്രാക്കുള സംസ്‌കാരമാണ് ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. സദാ സമയവും അധികാരത്തിന് വേണ്ടി ഞണ്ടിനെപ്പോലെ മുന്നില്‍ പോകുന്നവനെ വലിച്ചു താഴെ ഇടുന്ന നേതാക്കളെ എന്തിന് അധികാരത്തിലേറ്റണം എന്ന ചോദ്യമാണ് ജനങ്ങള്‍ ചോദിക്കുന്നത്?

തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ എട്ടോ ഒമ്പതോ മാസം അവശേഷി ക്കുമ്പോഴാണ് നേതാക്കളുടെ ഈ നിഴല്‍യുദ്ധങ്ങള്‍. തിരുവനന്തപുരത്തുള്ളവര്‍ പ്രതികാരത്തെക്കുറിച്ച് പറയുമ്പോ ഒരു പാമ്പിന്റെ കഥ പറയാറുണ്ട്. ‘കൊമ്പേറി’ എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പില്‍ കേറികിടക്കും. കടിയേറ്റ വ്യക്തിയുടെ ചിതയില്‍ നിന്നുയരുന്ന പുക കണ്ടാലേ പാമ്പ് മരത്തില്‍ നിന്ന് താഴെ ഇറങ്ങുകയുളളു. സംസ്ഥാന കോണ്‍ഗ്രസിലെ ഒരുപറ്റം നേതാക്കള്‍ ‘കൊമ്പേറി’ എന്ന പാമ്പിന്റെ മനോഭാവത്തിലാണ്. അവര്‍ കോണ്‍ഗ്രസിന്റെ പുക കാണാന്‍ കാത്തിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top