തൃശൂരില്‍ പോയപ്പോള്‍ തന്റെ ഗ്രാഫ് താഴ്ന്നു; ഒപ്പം പ്രതാപന്റേയും; ഷാഫിയുടേത് ഉയര്‍ന്നു; കോണ്‍ഗ്രസ് വേദിയില്‍ മുനവച്ച് സംസാരിച്ച് കെ മുരളീധരന്‍

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേല്‍ക്കുന്ന വേദിയില്‍ തന്റെ വിമര്‍ശനങ്ങള്‍ തമാശ രൂപേണ ഉന്നയിച്ച് കെ മുരളീധരന്‍. കെപിസിസി പ്രസിഡന്റിനെ ശരിയായ സമയത്ത് മാറ്റിയതിന് ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞാണ് മുരളീധരന്‍ പ്രസംഗം തുടങ്ങിയത്. ശരിയായ ലിസ്റ്റ് ശരിയായ സമയത്ത് പുറത്തിറക്കി. അതുകൊണ്ട് ബോംബ് പൊട്ടും എന്ന് വിചാരിച്ചിടത്ത് ഏറുപടക്കം പോലും പൊട്ടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു വരുന്ന ഒരു മുഖ്യമന്ത്രി യെ സ്വീകരിക്കാനുളള ഭാഗ്യം കുറച്ച് നാളായി കെപിസിസി പ്രസിഡന്റുമാര്‍ക്കില്ല. ആ ഭാഗ്യം സണ്ണി ജോസഫിന് ഉണ്ടാകട്ടെ. നേതൃത്വത്തിലെ തലമുറമാറ്റം ആവശ്യമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഉള്‍പ്പെടെ മാറി നിന്ന് യുവാക്കളെ മത്സരിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്ത എപി അനില്‍കുമാറിനെ കുറേക്കാലം കൂടെ കൊണ്ട് നടന്നതാണ്. ഇപ്പോള്‍ എത്തേണ്ട സ്ഥാനങ്ങളില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ഷാഫി പറമ്പില്‍ എന്ന് വടകരയില്‍ കാലുകുത്തിയോ അന്ന് മുതല്‍ ഗ്രാഫ് മുകളിലേക്കാണ്. പക്ഷേ താന്‍ തൃശൂരിലേക്ക് മാറിയതോടെ ഗ്രാഫ് താഴേക്കും പോയി. കൂടെ പ്രതാപന്റെ ഗ്രാഫും പോയി എന്നും മുരളീധരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here