ചതിച്ചവരെ പറയുന്നില്ല; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേരളത്തിൻ്റെ ശാപം; തൃശൂർ തോൽവിയിൽ മുരളീധരൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ഉണ്ടായ തോൽവിയെ സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ പ്രതികരണവുമായി കെ മുരളീധരൻ. താൻ ആരോടും പരാതിപ്പെടില്ലെന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ നിലപാട് വ്യക്തമാക്കിയതാണ്. തോൽവി പഠിക്കാൻ നിയോഗിച്ച കമ്മറ്റി വീട്ടിൽ വന്നു സംസാരിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. താൻ പരാതിക്കാനല്ലെന്നും മുരളീശൻ പറഞ്ഞു.
കാര്യങ്ങൾ പഠിക്കാതെ തൃശൂരിൽ മത്സരിക്കാൻ പോയതാണ് താൻ ചെയ്ത തെറ്റെന്ന് കെ മുരളീധരൻ പറഞ്ഞു. അത് മാറ്റാരുടെയും തലയിൽ വെയ്ക്കേണ്ട കാര്യമില്ല. താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല. ആരൊക്കെ ചതിച്ചു എന്നൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കയ്യിൽ നിന്നും സീറ്റ് തിരിച്ചുപിടിക്കണമെന്ന ലക്ഷ്യം മാത്രമാണ് നിലവിൽ പാർട്ടിക്ക് മുൻപിലുള്ളതെന്ന് കെ മുരളീധരൻ കൂട്ടിചേർത്തു.
മറ്റു കാര്യങ്ങൾ പറഞ്ഞ് വരും തിരഞ്ഞെടുപ്പുകളിലെ സാധ്യത നശിപ്പിക്കേണ്ട കാര്യമില്ലെന്നും പരാതി പറയാത്ത സാഹചര്യത്തിൽ നടപടി ആവശ്യപ്പെടേണ്ട കാര്യം തനിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. എന്താണെന്നുവച്ചാൽ പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഇനി പോരടിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ വ്യക്തIമാക്കി.
സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെ കേരള വിരുദ്ധ പരാമർശങ്ങളെയും മുരളീധരൻ വിമർശിച്ചു. ചാതുർവർണ്യത്തിന്റെ ചിലതെല്ലാം ഇപ്പോഴും കേരളത്തിലുണ്ട് എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ പരാമർശം. മോദിയുടെ മുൻപിൽ ഭിക്ഷാപാത്രവുമായി പോയി നിൽക്കണമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. രണ്ടു പേരും കേരളത്തിന്റെ ശാപമാണെന്ന് മുരളീധരൻ വിമർശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here