ഒരുവർഷത്തിൽ ഷോക്കേറ്റ് മരണം 241 !! മരിച്ചത് 90 ശതമാനവും സാധാരണക്കാർ; ഷോക്കിംഗ് കണക്കുകൾ…

കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതി ആഘാതമേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി വീഴ്ച സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ആവര്‍ത്തിക്കുന്ന ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനിടെ 241 മനുഷ്യ ജീവനുകളാണ് വൈദ്യുതി ആഘാതമേറ്റ് സംസ്ഥാനത്ത് നഷ്ടമായതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ഇത്രയും മനുഷ്യ ജീവനുകള്‍ നഷ്ടമായത്. ഇതില്‍ 222 പേരും പൊതുജനങ്ങളാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പകടറേറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അവബോധമില്ലായ്മയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകള്‍:-

മരിച്ച 241 പേരില്‍ 222 പേരും സാധാരണക്കാരാണ്. 105 പേര്‍ക്ക് വിവിധ അപകടങ്ങളിലായി ഗുരുതരമല്ലാത്ത പരിക്കേറ്റു.

അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലികളില്‍ നിന്ന് ഷോക്കേറ്റ് 24 പേര്‍ മരിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സ്വന്തം വീടുകളിലും പരിസരങ്ങളിലുമായി 126 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഗാര്‍ഹിക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇതിന് പ്രധാന കാരണം ലൈവ് ഇലക്ട്രിക് വയറുകളുമായോ ഉപകരണങ്ങളുമായോ അബദ്ധത്തില്‍ സമ്പര്‍ക്കത്തില്‍ വന്നതാണ്.

സംസ്ഥാനത്ത് ഷോക്കേറ്റ് കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണം 73 ആണ്. മൃഗങ്ങള്‍ക്ക് അനധികൃത വൈദ്യുത വേലികളാണ് വില്ലനാകുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകളും അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ് കോണികളും മറ്റും ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പകടറേറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top