KSIE എംഡിക്കെതിരായ ലൈംഗികാരോപണത്തില്‍ ഇരയുടെ രഹസ്യമൊഴി എടുത്തു; പകര്‍പ്പ് ലഭിച്ചാല്‍ തുടര്‍ നടപടിയെന്ന് പോലീസ്

ഓഫീസിനുള്ളില്‍ വച്ച് ലൈംഗിക ചുവയോടെ പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയില്‍ കെഎസ്ഐഇ എംഡി ഡോ. ബി ശ്രീകുമാറിനെതിരെ നടപടി തുടങ്ങി പോലീസ്. ഉദ്യോഗസ്ഥയുടെ പരാതിയില്‍ മ്യൂസിയം പോലീസ് കഴിഞ്ഞ ആഴ്ചയാണ് കേസെടുത്തത്. ബിഎന്‍എസ് 75,78 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ജീവനക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. മൊഴി പകര്‍പ്പ് ലഭിച്ച് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം എസ്എച്ച്ഒ എസ് വിമല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നിയമപ്രകാരം നടപടി ഉണ്ടാകും. അതിന് ഒരു പദവിയും തടസമാകില്ലെന്നും എസ്എച്ച്ഒ വ്യക്തമാക്കി.

എന്നാല്‍ പോലീസ് ഇങ്ങനെ പറയുമ്പോഴും സര്‍ക്കാരിന് ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ഡോ. ബി ശ്രീകുമാര്‍ എന്നതാണ് വാസ്തവം. കെഎസ്ഐഇയില്‍ എത്തുംമുമ്പ് കേരള ഫീഡ്സ് എംഡി ആയിരുന്നു. എട്ട് വര്‍ഷത്തോളമാണ് ശ്രീകുമാര്‍ ഈ കസേരയില്‍ ഇരുന്നത്. ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും നാള്‍ ഒരേ സ്ഥാനത്ത് ഇരുന്നതില്‍ അല്ല അസ്വാഭാവികത, ശ്രീകുമാറിനെ നിയമിക്കുന്നതിന് വേണ്ടി കേരള ഫീഡ്സ് എംഡിയുടെ യോഗ്യത പുനര്‍ നിര്‍ണ്ണയിച്ചതിലാണ്.

ശ്രീകുമാറിനെ ക്വാളിഫിക്കേഷന്‍ അനുസരിച്ച് തന്നെയാണ് കേരള ഫീഡ്സ് എംഡിയുടെ യോഗ്യത നിര്‍ണയിച്ചത്. അത് അതിന് അനുസരിച്ചാണ് 1997 ലെ സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തിയത്. 2023 ജനുവരി 24നാണ് പുതിയ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം അടക്കം എല്ലാത്തിലും മാറ്റം വരുത്തുകയാണ് ചെയ്തത്. ആ ഓര്‍ഡര്‍ ഇറക്കിയതാകട്ടെ പിന്നീട് നയതന്ത്രചാനല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ഐഎഎസ് ഓഫീസര്‍ എം ശിവശങ്കറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top