കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ; കസ്റ്റഡിയിലായത് ഇത്തിക്കര പാലത്തിന് സമീപം വെച്ച്

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ ആളെ പോലീസ് പിടികൂടി. മൈലക്കാട് സ്വദേശിയായ സുനിൽകുമാർ ആണ് കൊല്ലം സിറ്റി പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഇന്ന് രാവിലെയാണ് ഇയാളെ ഇത്തിക്കര പാലത്തിന് സമീപം വെച്ച് പോലീസ് പിടികൂടുന്നത്.
തിങ്കളാഴ്ച രാത്രി 10:45ഓടെ കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് പോകാൻ ബസ്സിൽ കയറിയ യുവതിക്ക് നേരെയാണ് ഇയാൾ തുടർച്ചയായി നഗ്നത പ്രദർശനം നടത്തിയത്. ഇതോടെ യുവതി ഫോണിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി. യുവതി കൊല്ലം സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഇയാളും പുറകെ ഇറങ്ങി. യുവതിയെ കൂട്ടികൊണ്ടു പോകാൻ സഹോദരൻ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ഇത് കണ്ട ഇയാൾ അവിടെ നിന്നും മറ്റൊരു ബസിൽ കയറി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ യുവതി നേരിട്ടെത്തി ദൃശ്യങ്ങൾ സഹിതം പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്റ്റാൻഡിൽ നിന്നുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിയുടെ ഒരു സമീപവാസി ഇയാളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. അപ്പോൾ ദൃശ്യങ്ങളിൽ കാണ്ടത് താനല്ലെന്നായിരുന്നു അയാൾ പറഞ്ഞത്. ഇതോടെ നാട്ടുകാർ മടങ്ങുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെയാണ് ഇന്ന് പോലീസ് പിടികൂടിയത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here