ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കേസിൽ നിന്ന് ഒഴിവാക്കി പോലീസ്; ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന കേസിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനേയും ആര്യയുടെ സഹോദരൻ അരവിന്ദിൻ്റെ ഭാര്യ ആര്യയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മേയറെ പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് മേയറും ഭർത്താവും ബന്ധുക്കളും ഡ്രൈവർക്കെതിരെ തട്ടികയറിയത്. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യദു അശ്ലീല ആഗ്യം കാട്ടിയെന്ന ആരോപണം സിപിഎം നേതാക്കളായ ദമ്പതികൾ ഉയർത്തി. ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ഡ്രൈവർ യദു പോലീസിൽ പരാതി നൽകിയിരുന്നു. തൻ്റെ ജോലി തടസ്സപ്പെടുത്തി, ആക്രമിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ, ബസ് തടഞ്ഞത് യാദൃച്ഛികമായാണെന്നും ഡ്രൈവറാണ് മോശമായി സംസാരിച്ചതെന്നുമാണ് മേയർ പോലീസിന് മൊഴി നൽകി
ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഡ്രൈവർ യദുവിന് നേരെ മേയർ ഭീഷണി മുഴക്കി എന്നതായിരുന്നു പ്രധാന ആരോപണം. തർക്കത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഡ്രൈവറെ തടഞ്ഞ സംഭവത്തിൽ മേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. അതേസമയം യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യദുവിനെതിരെ കുറ്റപത്രം സമർപ്പിക്കുക. മേയറേയും മറ്റുള്ളവരെയും അശ്ലില ആംഗ്യം കാണിച്ചുവെന്ന പരാതിയിൽ മ്യൂസിയം പോലീസാണ് കുറ്റപത്രം നൽകുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here