“ഇതും എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ടോ!” ബസിലെ വൃത്തിയിൽ വിട്ടുവീഴ്ച വേണ്ട; വിമർശകർക്ക് മറുപടിയുമായി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസ്സുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ്സിനുള്ളിൽ കുപ്പിയോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും, താൻ മന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ നിന്ന് ടൺ കണക്കിന് മാലിന്യമാണ് ഓരോ ദിവസവും നീക്കം ചെയ്യേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനത്തിൻ്റെ ശുചിത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് മന്ത്രിയുടെ നിലപാട്. കെ.എസ്.ആർ.ടി.സി. ബസ്സുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ജീവനക്കാരും യാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണം. അതിന് വേണ്ടി എല്ലാ സൂപ്പർഫാസ്റ്റ് ബസ്സുകളിലും യാത്രക്കാർക്കായി മാലിന്യം നിക്ഷേപിക്കാനുള്ള ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ബസ്സുകളിലെല്ലാം ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

Also Read : ഫ്ലാ​ഗ് ഓഫ് ചടങ്ങിലെ കലിപ്പടങ്ങാതെ ഗണേഷ് കുമാർ; പണി അസി. മോട്ടോർ വാഹന കമ്മീഷണർക്ക്

ബസ്സിന്റെ ഡാഷിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ ഇടുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. ഡ്രൈവർക്ക് എതിരെ മാത്രമല്ല, ആ വണ്ടി വൃത്തിയായി പരിശോധിക്കാതെ യാത്രയ്ക്ക് വിട്ട ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ഉണ്ടാകും. തെറ്റുകൾ കണ്ടാൽ അത് തിരുത്തുമെന്നും, ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള യാതൊരു പരിഗണനയും നൽകില്ലെന്നും മന്ത്രി അറിയിച്ചു.

“കെ.എസ്.ആർ.ടി.സിയുടെ പടം ഇട്ടാൽ ലക്ഷക്കണക്കിന് ആൾക്കാർ കാണും. അപ്പോൾ കെഎസ്ആർടിസിയെ തെറി വിളിച്ചാൽ എന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണ. അങ്ങനെ കുറച്ച് അലവലാതികൾ സോഷ്യൽ മീഡിയയിൽ ഇറങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദിച്ചത്. അത് ഇനിയും ചോദിക്കും. ഏതവൻ പറഞ്ഞാലും ചോദിക്കും. ഇതും എടുത്ത് ഫെയ്‌സ്ബുക്കിൽ ഇട്ടോ” -ഗണേഷ് കുമാർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യുടെ ഉത്തരവുകൾ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും, ഇനിയും അത് ചോദിക്കുമെന്നും ഏതവൻ പറഞ്ഞാലും ചോദിക്കുമെന്നും മന്ത്രി തുറന്നടിച്ചു. കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ തുടരുമെന്ന ശക്തമായ സന്ദേശമാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top