കെഎസ്‌യുക്കാരെ മുഖം മറച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസിനെ ന്യായീകരിച്ച് പിണറായി സര്‍ക്കാര്‍; വിലങ്ങ് അണിയിച്ചത് ശരിയല്ല; നടപടി എടുത്തു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ കറുത്ത തുണി കൊണ്ട് മുഖം മറച്ചും വിലങ്ങ് അണിയിച്ചും ഭീകരവാദികളെ പോലെ കോടതയില്‍ ഹാജരാക്കിയ പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സബ്മിഷനായിട്ടാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷം എത്രയോ കൊല്ലങ്ങളായി ഉള്ളതാണ്. എന്നാല്‍ ഇത്തരം പോലീസ് നടപടി ആദ്യമാണ്. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ പോയി പോലീസ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സമയത്തെ എസ്എച്ച്ഒ ആയിരുന്ന ആള്‍ തന്നെയാണ് ഈ നടപടിക്ക് പിന്നിലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ വിഎന്‍ വാസവന്‍ മുഖം മറച്ചതിനെ ന്യായീകരിക്കുകയു വിലങ്ങ് അണിയിച്ചതിനെ തള്ളിപ്പറയുകയും ചെയ്തു.

അക്രമത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി പ്രതികളെ മുന്‍പരിചയമില്ലെന്നും, കണ്ടാല്‍ തിരിച്ചറിയാമെന്നും മൊഴി നല്‍കിയതിനാല്‍ പ്രതികളുടെ ഐഡന്റിഫേക്കഷന്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളുടെ ഐഡന്റിഫിക്കേഷനു മുമ്പായി പൊതുമണ്ഡലത്തില്‍ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത് എന്ന് മന്ത്രി പറഞ്ഞു.

ALSO READ : കെ.എസ്.യുക്കാരെ മുഖംമൂടി അണിയിച്ച് കോടതിയിലെത്തിച്ച എസ്എച്ച്ഒ തെറിച്ചു; നിയമസഭയില്‍ ഉത്തരംമുട്ടാതിരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി മുഖ്യമന്ത്രി

കോഴിക്കോട് സര്‍വകലാശാല ഡി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് കിള്ളിമംഗലം കോളേജിലും മാള കോളേജിലും ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനു തുടര്‍ച്ചയായി 19.08.2025 ന് ഗണേഷ് എന്നയാള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തുവെന്ന് മൊഴി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 645/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പോയ ഗണേഷ് ഉള്‍പ്പെടെയുള്ള മൂന്നു പേരെ 11.09.2025 ന് കൊയിലാണ്ടിയില്‍ നിന്നും അറസ്റ്റു ചെയ്യുകയുണ്ടായി. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

വിദ്യാര്‍ത്ഥികളെ വിലങ്ങ് വെച്ചതായി പരാതിയുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വിലങ്ങ് വെച്ചിട്ടുണ്ടെങ്കില്‍ ആ നടപടിയോട് സര്‍ക്കാരിന് യോജിപ്പില്ല. പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയതായും മന്ത്രി മറുപടി നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top