മുഖംമൂടി ധരിപ്പിച്ച് പോലീസ് കോടതിയിൽ ഹാജരാക്കിയ കെ.എസ്.യുക്കാരനെ കൈവിട്ട് സ്വന്തം പാർട്ടിയും; സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിയിൽ നിന്ന് കെഎസ്‌യു നേതാവ് ഗണേഷ് ആറ്റൂരിനെ പിരിച്ചുവിട്ടു. മുഖംമൂടി ധരിപ്പിച്ച് പോലീസ് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു നേതാക്കളിൽ ഒരാളാണ് ഗണേഷ് ആറ്റൂർ. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കിള്ളിമംഗലം സഹകരണ ബാങ്കിലെ താത്കാലിക ഡ്രൈവർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിലാണ് ഗണേഷ് ആറ്റൂർ, അൽഅമീൻ, അസ്ലം കെ എ എന്നിവർ കഴിഞ്ഞ മാസം അറസ്റ്റിലായത്. വിദ്യാർഥികളെ കറുത്ത മാസ്കും കൈവിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസും പോഷക സംഘടനകളും സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. താത്കാലിക ജോലി എന്ന നിൽക്കാണ് ഗണെഷിനെ ബാങ്കിൽ ഡ്രൈവർ എന്ന ജോലിയിൽ പരിഗണിച്ചിരുന്നതെന്നും കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് മറ്റൊരാളെ നിയമിച്ചതെന്നുമാണ് ബാങ്ക് ഭരണ സമിതി പറയുന്നത്. എന്നാൽ പ്രാദേശിക വിഷയങ്ങളാണ് ജോലിയിൽ നിന്നും പിരിച്ചുവിടാൻ കാരണമെന്നാണ് ഒരു കൂട്ടർ പറയുന്നത്.

സംഭവത്തിൽ കിള്ളിമംഗലം സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തൃശ്ശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ തലപ്പത്തിരിക്കുന്ന ചില മേലാളന്മാർക്ക്, ശീതീകരിച്ച മുറിയിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന സുഖവും, ഇന്നോവ കാറിലെ യാത്രയും മാത്രമേ അറിയൂ, കലാലയങ്ങളിലും കേരളത്തിന്റെ തെരുവോരങ്ങളിലും കെഎസ്‌യു പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവർക്കറിയില്ല… അതുകൊണ്ടുതന്നെയാണ് ഗണേഷ് ആറ്റൂരിനെ പോലുള്ള കുറെ കെ എസ് യു നേതാക്കന്മാരുടെ ഉപജീവനമായ സഹകരണ ബാങ്ക് ജോലിയിൽ നിന്നും നീക്കുന്നതായിട്ടുള്ള നടപടിയിലേക്ക് ചില ബാങ്ക് പ്രസിഡന്റ്മാർ മുന്നോട്ട് പോകുന്നത് ….! എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

പാർട്ടിക്ക് വേണ്ടി നിലകൊള്ളുകയും കേസിൽ പ്രതിയാവുകയും ചെയ്ത പ്രവർത്തകനെ തിരികെ ജോലിക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ബാങ്കിന് കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ പ്രതിഷേധം അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top