പി കെ ഫിറോസിനെതിരെ തുറന്നടിച്ച് കെ ടി ജലീൽ; ‘വീട്ടുകാരെ നന്നാക്കിയിട്ട് വേണം നാട്ടുകാരെ നന്നാക്കാനിറങ്ങാൻ..’

പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കെ ടി ജലീൽ. ഫിറോസിന്റെ സഹോദരൻ ബുജൈറിനെ മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ‘ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരൻ’ എന്ന ക്യാപ്ഷനോടു കൂടിയാണ് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വയനാട് ദുരിതബാധിതർക്കുള്ള പ്രളയ ഫണ്ട് മുക്കിയെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതും ഫിറോസിന്റെ സഹോദരനാണ്. ലഹരിക്കെതിരെ എന്തെങ്കിലും ക്യാമ്പയിൻ നടത്തുകയാണെങ്കിൽ അത് ഫിറോസിന്റെ സ്വന്തം വീട്ടിൽ നിന്ന് വേണം ആരംഭിക്കാനെന്നും കെ ടി ജലീൽ പറഞ്ഞു. വീട്ടുകാരെ നന്നാക്കിയിട്ട് വേണം നാട്ടുകാരെ നന്നാക്കാൻ. സ്വന്തം സഹോദരനെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്ത യൂത്ത് ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാൻ എന്ത് അർഹതയാണ് ഉള്ളത്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നിങ്ങനെയാണ് പോസ്റ്റ് നീളുന്നത്.
അതേസമയം, ഫിറോസിന്റെ സഹോദരനായ പികെ ബുജൈറിന് ലഹരി ഇടപാടിൽ ബന്ധമുണ്ടെന്ന് മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട മറ്റൊരു പ്രതിയായ റിയാസ് മൊഴി നൽകിയിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ബുജൈറിനെതിരെ തെളിവുകളും കണ്ടെത്തി. ഇവർ രണ്ടുപേരും ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളും ലഭിച്ചിട്ടുണ്ട്.
ലഹരി ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടുന്ന സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇവർ മർദ്ദിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here