പി ടി കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് അയച്ച് പൊലീസ്

ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്നും തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്അക്കാദമിക്ക് നോട്ടീസ് അയച്ചു. പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കേണ്ട സിനിമകളുടെ സ്ക്രീനിംഗ് ഘട്ടങ്ങൾക്കിടയിൽ സെലക്ഷൻ കമ്മിറ്റി ജൂറി ചെയർമാൻ ആയിരുന്ന കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് പരാതിക്കാരി അക്കാദമിയെ അറിയിച്ചിരുന്നു.
Also Read : പി ടി കുഞ്ഞുമുഹമ്മദിന് തിരിച്ചടി; ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
മൊഴിയുടെ വെളിച്ചത്തിൽ, ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ തുടങ്ങിയവ എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകിയത്. പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ കുക്കു പരമേശ്വരൻ സ്ഥിരീകരിച്ചിരുന്നു. പക്ഷെ അക്കാദമി കാര്യമായ നടപടികൾ ഒന്നും എടുത്തിട്ടില്ല.
പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി നാളെ പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here