ലേബര്‍ കോഡിലും യുടേണ്‍ എടുത്ത് പിണറായി സര്‍ക്കാര്‍; ട്രേഡ് യൂണിയനുകള്‍ എതിര്‍ത്തതോടെ പിന്‍വലിക്കണം എന്ന് പ്രമേയം

കരട് ചട്ടം അടക്കം തയറാക്കിയ ലേബര്‍ കോഡില്‍ തീരുമാനം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ട്രേഡ് യൂണിയനുകള്‍ എതിര്‍ത്തതോടെയാണ് തീരുമാനം മാറ്റിയത്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. ഇന്ന് ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

ഡിസംബര്‍ 19-ന് ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലേബര്‍ കോഡിലെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ തൊഴില്‍മന്ത്രിമാരെ ക്ഷണിക്കും. ലേബര്‍ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതില്‍ ഇടപെടാന്‍ സാധിക്കും. എന്നിവ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചവര്‍ക്ക് ചില സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടു. കേരളത്തില്‍ ഒരു തൊഴിലാളിയുടെ പേരിലും പ്രതിഷേധിച്ചതിന് നടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അത് സര്‍ക്കാര്‍ സംരക്ഷിക്കും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഇമെയില്‍ അയക്കും. ഡിസംബര്‍ 19 ന് ശേഷം കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം കരട് ചട്ടം തയ്യാറാക്കിയത് രഹസ്യമായിട്ടല്ല. തിരുവനന്തപുരത്ത് നടന്ന ശില്‍പശാലയില്‍ കരട് ചട്ടം വിതരണം ചെയ്തിരുന്നു. കരട് കരടായി തന്നെ ഇരിക്കും. ഒരു തുടര്‍ നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ പിഎംശ്രീയിലും സമാനമായ രീതിയില്‍ പിണറായി സര്‍ക്കാര്‍ പിന്നോട്ടു പോയിരുന്നു. മന്ത്രിസഭയില്‍ പോലും അറിയിക്കാതെ കരാറില്‍ ഒപ്പിടുകയും സിപിഐ കടിത്ത നിലപാട് എടുത്തതോടെ പിന്‍മാറുകയുമാണ് ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top