ദേശീയപാതയിൽ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അധ്യാപിക രക്ഷപ്പെട്ടത് അത്ഭുതകരമായ്..

ദേശീയപാത 66ന് സമീപം വീണ്ടും മണ്ണിടിച്ചിൽ. കാസര്‍കോട് ചെറുവത്തൂർ വീരമലക്കുന്നിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിഞ്ഞു വീണത് കാറിനു മുകളിലേക്കാണ്. കാറിൽ ഉണ്ടായിരുന്ന അധ്യാപികയെ നാട്ടുകാർ അത്ഭുതകരമായ് രക്ഷപെടുത്തി. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍.
ഇന്ന് രാവിലെയാണ് വൻതോതിൽ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അതുവഴി വന്ന കാറിന്റെ മുകളിലേക്കായിരുന്നു മണ്ണിടിഞ്ഞ് വീണത്. പടന്നക്കാട് എസ്എൻ കോളേജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. സിന്ധു ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിന്നു. പെട്ടെന്നാണ് മണ്ണിടിഞ്ഞ് വീണത്. കാറിനു ചുറ്റും മണ്ണ് നിറഞ്ഞു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് നാട്ടുകാർ എത്തി രക്ഷപ്പെടുത്തുന്നത്.
പാറയും മണ്ണും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എന്‍ഡിആര്‍എഫും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
വീരമലക്കുന്നിൽ ഒരുമാസം മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഒരു തൊഴിലാളി മണ്ണിനടിയിൽ പെടുകയും, പിന്നീട് പരിക്കുകളോടെ രക്ഷപ്പെടുകയും ആയിരുന്നു . റോഡ് നിർമ്മാണത്തിന് വേണ്ടി അശാസ്ത്രീയമായ് മണ്ണിടിച്ചതാണ് വീരമലക്കുന്ന് ഇടിയാൻ കാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ കരാർ കമ്പനി അന്ന് വ്യാപകമായി മണ്ണ് കടത്തിയതിനും പിഴ ചുമത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here