എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചേക്കും

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ മന്ത്രിസഭാ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കർശന നിലപാടുകളിലേക്ക് കടക്കുന്നുവെന്നാണ് സൂചന.

സിപിഐയുടെ എതിർപ്പുകൾ മറികടന്നുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് പുതിയ പോർമുഖം തുറന്നത്. ഈ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ വിലയിരുത്തുന്നു. പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിന് മുൻപ് വിഷയം മന്ത്രിസഭയിലോ എൽഡിഎഫിലോ ചർച്ച ചെയ്തില്ല എന്നതാണ് സിപിഐയുടെ പ്രധാന ആക്ഷേപം. വിഷയം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.

Also Read : സിപിഐയുടെ എതിര്‍പ്പുകള്‍ വെറും ‘ശൂ’ ആയിപ്പോയി; പിഎം ശ്രീയില്‍ ഒപ്പിട്ട് മോദിയുമായി ദോസ്തിയിലായി കേരളം

പിഎം-ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുക എന്നതാണ്. കേന്ദ്രത്തിന്റെ കാവിവൽക്കരണ അജണ്ടയായി സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ എതിർക്കുന്ന നയമാണിത്. ഫണ്ട് വാങ്ങിക്കൊണ്ട് എൻഇപി നടപ്പിലാക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്ര ശിക്ഷാ കേരളം വഴി സംസ്ഥാനത്തിന് ലഭിക്കാനുള്ള 1100 കോടിയിലധികം രൂപയുടെ കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഫണ്ട് തടസ്സപ്പെട്ടതിനാലാണ് കടുത്ത എതിർപ്പ് നിലനിൽക്കെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സർക്കാർ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചത്. എന്നാൽ, കേന്ദ്രഫണ്ടിനായി ഇടതുനയങ്ങൾ ബലികഴിക്കുന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വാദം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎം-ശ്രീ സ്കൂൾ എന്ന ബോർഡ് വെക്കേണ്ടിവരുമെന്നതും എതിർപ്പിന് കാരണമാണ്.

മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്. വിഷയം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും വിയോജിപ്പുകളും സിപിഐ മന്ത്രിമാർ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയമായ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ സംസ്ഥാന നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top