രണ്ട് മാസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ്, പിന്നാലെ നിയമസഭയിലേക്കും; കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനുളള ശക്തിയുണ്ടോ സിപിഐക്ക്

ഇടതു മുന്നണിയിലെ പ്രബല കക്ഷി എന്ന നിലയില്‍ സിപിഐ അടക്കമുള്ള ഘടകക്ഷികളിലേക്ക് സിപിഎം കടന്നാക്രമണം നടത്താറുണ്ട്. എന്നാല്‍ അത് സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനങ്ങളുടെ പേരിലും ആയിരുന്നു. എന്നാല്‍ നയവ്യതിയാനത്തിന്റെ പേരില്‍ സിപിഐ പോലൊരു പാര്‍ട്ടി ഇത്രത്തോളം അപമാനിക്കപ്പെട്ട ഒരു സംഭവം ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കടുത്ത എതിര്‍പ്പ് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരും പരസ്യമായി സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച പിഎം ശ്രീ വിഷയത്തില്‍ ഒരു ചര്‍ച്ചയും ഇല്ലാത്ത ഏകപക്ഷീയമായി തീരുമാനം എടുത്ത് ധാരണപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കടുത്ത അപമാനമായിട്ടാണ് സിപിഐ കാണുന്നത്. എന്നാല്‍ അതില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് നേതൃത്വം തലപുകയ്ക്കുന്നത്.

ALSO READ : കേരള സർക്കാരിന് കേന്ദ്രത്തിന്റെ അഭിനന്ദനം; ദേശീയ വിദ്യാഭ്യാസ നയം സ്വീകരിച്ച നടപടിക്ക് പ്രശംസ

മന്ത്രിമാര്‍ രാജിവയ്ക്കണം, മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കണം തുടങ്ങി കടുത്ത നിലപാടുകളിലേക്ക് കടക്കണം എന്ന് സിപിഐക്കുള്ളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ അത്തരമൊരു നിലപാടുമായി മുന്നോട്ടു പോയാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ എങ്ങനെ നേരിടും എന്നതാണ് സിപിഐയെ കുഴയ്ക്കുന്നത്. രണ്ട് മാസത്തിനുളളില്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുമ്പ് കടുത്ത നിലപാട് സ്വാകരിച്ചാല്‍ സിപിഎമ്മില്‍ നിന്നുണ്ടാകുന്ന തിരിച്ചടി എന്താകും എന്ന് സിപിഐക്ക് നന്നായി അറിയാം. മുന്നണി സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടാണ് പലയിടത്തുംസിപിഐ വിജയിക്കുന്നത്. കടുത്ത നിലപാട് സ്വീകരിച്ചുള്ള വെല്ലുവിളികള്‍ താഴെത്തട്ടുവരെ തുടര്‍ന്നാല്‍ അത് മുന്നണി സംവിധാനത്തെ ആകെ ബാധിക്കും എന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിനും ഇനി ആറ് മാസത്തെ മാത്രം ദൂരമാണുള്ളത്. ഇതും സിപിഐയെ ചിന്തിപ്പിക്കുന്നുണ്ട്.

ALSO READ : വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് ABVP; ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ അറിയിച്ച് AISF

സിപിഎമ്മിനെ നേരിടാനുള്ള രാഷ്ട്രീയമായ കരുത്തോ ആള്‍ബലമോ സിപിഐക്കില്ല. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധം എന്ന നിലപാട് സ്വീകരിച്ചും, വിദ്യാര്‍ത്ഥി യുവജന സംഘടനകളെ നിരത്തിലിറക്കി പ്രതിഷേധിപ്പിച്ചും മുഖം രക്ഷിക്കാനുള്ള നീക്കങ്ങള്‍ സിപിഐ നടത്താനാണ് സാധ്യത. സമീപകാല രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എല്ലാം ഈ നിലപാടാണ് സിപിഐ സ്വീകരിച്ചത്. അടുത്തകാലത്ത് നോക്കിയാല്‍ തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ മാത്രമാണ് മന്ത്രിസഭാ യോഗ ബഹിഷ്‌കരണം അടക്കമുളള ശക്തമായ നിലപാട് സിപിഐ സ്വീകരിച്ചത്. മറ്റ് വിഷയങ്ങളില്‍ എല്ലാം കീഴടങ്ങി മുന്നോട്ടു പോവുകയാണ് ചെയ്തത്.

ALSO READ : സിപിഐയുടെ എതിര്‍പ്പുകള്‍ വെറും ‘ശൂ’ ആയിപ്പോയി; പിഎം ശ്രീയില്‍ ഒപ്പിട്ട് മോദിയുമായി ദോസ്തിയിലായി കേരളം

പൂരം കലക്കല്‍, എംആര്‍ അജിത് കുമാറിന് എതിരായ ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐ പ്രതിഷേധം എന്ന് പറഞ്ഞ് നടന്നെങ്കിലും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അത് കണ്ടതായി പോലും നടിച്ചിരുന്നില്ല. പിന്നീട് എകെജി സെന്ററില്‍ കയറി ഇറങ്ങിയാണ് അജിത് കുമാറിനെതിരെ പേരിനൊരു നടപടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സാധിപ്പിച്ചത്. ആ സിപിഐ ഇത്തവണ എന്തെങ്കിലും ഞെട്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top