ജനപ്രിയപദ്ധതികൾ പറയാൻ ഒരു ഗ്യാപ്പും കിട്ടുന്നില്ല!! മുൻപില്ലാത്ത പ്രതിസന്ധിയിൽ ഇടതുപക്ഷം

വിടാതെ പിന്തുടരുന്ന ശബരിമല വിവാദങ്ങളും, ഇന്നലെ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ച വിധിയും പതിവിന് വിപരീതമായി ഈ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ വെട്ടിലാക്കുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നത് മുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരെ വിടാതെ വേട്ടയാടുകയാണ്. യുവതീ പ്രവേശനത്തിനായി സുപ്രീംകോടതി 2018ല്‍ പ്രഖ്യാപിച്ച വിധി മുതല്‍ ഇങ്ങോട്ട് ഓരോ നിശ്ചിത സമയത്തിനിടയിലും ശബരിമല വിവാദങ്ങൾ ഇടതുമുന്നണിയുടെ പിന്നാലെ തന്നെയുണ്ട്. മുന്‍പും ശബരിമല ഇടതു മുന്നണിക്ക് തലവേദന തന്നെയായിരുന്നു. 2006-11ലെ വിഎസ് സര്‍ക്കാരിന്റെ കാലത്തും സമാനമായ നിരവധി വിവാദങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട് സിപിഎമ്മിനേയും ഇടതുപക്ഷത്തെയും വല്ലാതെ വലച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വര്‍ണ്ണപാളി വിഷയത്തില്‍ ആകെ പെട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. ആദ്യം പറഞ്ഞിനിൽക്കാവുന്ന വിധം സേഫ് ആയിരുന്നെങ്കിലും എന്‍.വാസുവിന്റെ അറസ്‌റ്റോടെ ആരോപണത്തിന്റെ കുന്തമുന സിപിഎമ്മിന് നേര്‍ക്ക് തിരിഞ്ഞു. ഇനിയിപ്പോള്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിൻ്റെ അറസ്റ്റ് കൂടിയായാൽ എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയാകും. അത് മുന്നണിയെ വല്ലാതെ വലയ്ക്കുന്ന ഒന്നാണ്. പ്രചരണം ഉച്ചസ്ഥായിൽ എത്തുമ്പോഴെങ്ങാനും അറസ്റ്റുണ്ടായാല്‍ ആകെ പൊല്ലാപ്പാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും. ഡീമോക്ലിസിന്റെ വാളുപോലെ അത് തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുമ്പോഴാണ് ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് മറ്റൊരു തിരിച്ചടിയായി സര്‍ക്കാരിനെയും മുന്നണിയേയും വേട്ടയാടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരുമ്പോഴാണ് ശബരിമല തീര്‍ത്ഥാടനവും ആരംഭിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി ഇക്കുറി വന്‍ തിരക്കാണ് ആദ്യദിവസങ്ങളില്‍ ഉള്ളത്. കഴിഞ്ഞ മൂന്നുദിവസം അത് നിയന്ത്രണാതീതമായിരുന്നു. വെര്‍ച്ച്വല്‍ ക്യൂവിന് പുറമെ സ്‌പോട്ട് ബുക്കിംഗ് കൂടിയായതോടെയാണ് തിരക്ക് നിയന്ത്രിക്കാനാകാതെയായി. ഇത് ശക്തമായ വിമര്‍ശനത്തിന് വഴിവച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. തീര്‍ത്ഥാടന കാലത്തിന് മുന്‍പ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍ ആറുമാസം മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ നടപടിയും സ്വീകരിച്ചു എന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഭാഷ്യം. എന്തായാലും കഴിഞ്ഞ രണ്ടുദിവസമായി ഇതു തന്നെയാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നില്‍ക്കുന്നത്.
അതിനിടയിലാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന് പറഞ്ഞതുപോലെ ഇന്നലെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ പുനഃസ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്. വൈഷ്ണയുടെ കാര്യത്തില്‍ നടത്തിയ നീക്കം എടുത്തചാട്ടമായോ എന്ന് സിപിഎമ്മില്‍ ചിന്തയുണ്ട്. കോണ്‍ഗ്രസ് ഇത് ശക്തമായ ആയുധമാക്കിയിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രനേയും മറ്റും മുന്നില്‍ നിര്‍ത്തിയാണ് ആരോപണം ഉന്നയിക്കുന്നത്. ആര്യ ഇടപെട്ടാണ് വൈഷ്ണയുടെ പേരുവെട്ടിയതെന്ന് കെ. മുരളീധരന്‍ തന്നെ ആരോപിച്ചു. മുട്ടട സിപിഎമ്മിന്റെ കുത്തക വാര്‍ഡാണ്. 300-400 ഭൂരിപക്ഷത്തിൽ പാർട്ടി ജയിക്കുന്ന വാർഡാണ്. ഇവിടെ അനാവശ്യ വിവാദമുണ്ടാക്കി സംസ്ഥാന തലത്തിൽ തന്നെ നാണക്കേടാകുന്ന സ്ഥിതിയുണ്ടാക്കി. സ്ഥാനാര്‍ത്ഥിക്ക് അനാവശ്യമായ പബ്ലിസിറ്റിയും ഉണ്ടായെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
സാധാരണ താമസമില്ലാത്തവരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള പരാതി നല്‍കിയതോടെ അത് ഉപേക്ഷിക്കാമായിരുന്നു എന്ന വാദം സിപിഎമ്മിലുണ്ട്. തുടര്‍ന്ന് വിവാദമാക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെടേണ്ടിയിരുന്നില്ല എന്നും ചിലര്‍ക്കെങ്കിലും അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട് വലിയ തിരിച്ചടിയാണ്. അതേസമയം അത് ചട്ടവിരുദ്ധമാണെന്നും ചോദ്യം ചെയ്യേണ്ടതാണ് എന്നുമുള്ള അഭിപ്രായവും സിപിഎമ്മിനുണ്ട്. വൈഷ്ണ കോടതിയിലും തെരഞ്ഞെടുപ്പുകമ്മിഷനിലും നല്‍കിയ സത്യവാങ്മൂലങ്ങളിലും വലിയ വൈരുദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ നിയമപരമായി ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ഇനി അതിൻ്റെ പിന്നാലെ പോയി സമയം കളയരുതന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. ഈ വിവാദം ഇവിടെ പിടിച്ചുകെട്ടണമെന്നും, ഇനി വലുതാക്കരുതെന്നും പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.
എന്തായാലും ഇവയൊക്കെ കോണ്‍ഗ്രസിനും യുഡിഎഫിനും വീണുകിട്ടിയ സുവര്‍ണ്ണാവസരങ്ങളാണ്. വിമര്‍ശിക്കാൻ പോലും സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളെ പരാമർശിച്ച് പബ്ലിസിറ്റി നല്‍കരുതെന്ന തീരുമാനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രചാരണത്തിന് വിഷയങ്ങള്‍ ഇല്ലാതെ വലയുകയായിരുന്നു യുഡിഎഫ്. അതിനിടയിലാണ് ഇവ വീണുകിട്ടിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ എ.പത്മകുമാറിന്റെ അറസ്റ്റുണ്ടായില്ല എങ്കില്‍ ആ വിഷയത്തിലെ പ്രചാരണവും ശക്തമാകില്ലായിരുന്നു. എന്നാല്‍ തിരക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരികയും ഹൈക്കോടതി തന്നെ സര്‍ക്കാരിനെയും ബോര്‍ഡിനേയും വിമര്‍ശിക്കുകയും ചെയ്തതോടെ ശക്തമായ ആയുധമായി അതും മാറി. അതുപോലെ തന്നെയാണ് വൈഷ്ണ സുരേഷിൻ്റെ പരാതിയും കമ്മിഷൻ്റെ തീരുമാനവും.
ഇങ്ങനെ ദിനംപ്രതി പുതിയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത് സിപിഎമ്മിനെയും ഇടതുമുന്നണിയേയും സംബന്ധിച്ച് വല്ലാത്ത തിരിച്ചടിയാണ്. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന ഉള്‍പ്പെടെ വൻനേട്ടം ഉണ്ടാക്കാൻ കഴിയുന്ന ഒരുപിടി കാര്യങ്ങൾ സ്വരുക്കൂട്ടിയാണ് തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടന്നത്. എന്നാല്‍ ഉയർന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അല്ലാതെ ഇപ്പോള്‍ മറ്റൊന്നിനും കഴിയാത്ത സ്ഥിതിയിലേക്കാണ് ദിനംപ്രതി ചെന്നെത്തുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെയോ ജനപ്രിയ പദ്ധതികളെയോ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഗ്യാപ്പും കിട്ടുന്നില്ല. ഈ ഘട്ടം എങ്ങനെ മറികടക്കാമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് പാർട്ടിയുടെയും മുന്നണിയുടെയും തലപ്പത്തുള്ളവർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here