ഘടകകക്ഷികളോട് ഉരുക്കുമുഷ്ഠി തന്നെ!!; മുന്നണിയിലെ ദുര്‍ബലരെ വെട്ടിനിരത്താൻ സിപിഎം

തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സീറ്റിംഗ് സീറ്റുകള്‍ പോലും ഘടകകക്ഷിക്ക് നല്‍കിയെന്നതിന്റെ പേരില്‍ യുഡിഎഫില്‍ പരിഭവങ്ങള്‍ ഏറുമ്പോള്‍, സിറ്റിംഗ് സീറ്റുകള്‍ പോലും ലഭിക്കുമോയെന്ന ആശങ്കയില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. പതിവിന് വിരുദ്ധമായി ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വലിയതോതില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സൂചനയാകും തദ്ദേശത്തിലെ ഇത്തവണത്തെ ഈ ഇടതുമുറ.
ചില സമയങ്ങളില്‍ ഘടകകക്ഷികളോട് കടുത്ത നിലപാടുകള്‍ പുലര്‍ത്തിയിട്ടുണ്ട് എങ്കിലും പലപ്പോഴും ഒറ്റ അംഗമുള്ള കക്ഷികളെപ്പോലും ഇടതുമുന്നണി വലിയ പരിക്കില്ലാതെ സംരക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളില്‍ ആ സൌമനസ്യം ഒട്ടും ഉണ്ടായേക്കില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നിരവധി ചെറുകക്ഷികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജംബോ സംവിധാനമാണ് ഇടതുമുന്നണി. അതുകൊണ്ടുതന്നെ സീറ്റുകള്‍ വാരിക്കോരി നല്‍കുന്ന സമീപനം പറ്റില്ലെന്നാണ് മുന്നണിയിലെ സിപിഎം നിലപാട്. പരമാവധി സീറ്റുകള്‍ നേടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചെറുകക്ഷികള്‍ക്ക് അനുവദിച്ചിരുന്ന സീറ്റുകളില്‍ പലതും ഇക്കുറി സിപിഎം തിരിച്ചെടുക്കാനാണ് സാദ്ധ്യത.
പത്തോളം പാര്‍ട്ടികള്‍ ചേരുന്നതാണ് ഇപ്പോഴത്തെ ഇടതുമുന്നണി. ഇതില്‍ പ്രധാനപ്പെട്ട നാലുകക്ഷികള്‍ ഒഴികെ മറ്റുള്ളതെല്ലാം ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രം നിയമസഭയിൽ ഉള്ളവയാണ്. ചില പോക്കറ്റുകളില്‍ മാത്രമാണ് അവർക്ക് പ്രാതിനിധ്യം പോലുമുള്ളത്. ഇവയില്‍ പലതും സി.പി.എമ്മിന്റെ വോട്ടുകള്‍ കൊണ്ടാണ് തിരഞ്ഞെടുപ്പുകളെല്ലാം ജയിക്കുന്നതും. അത് പ്രാദേശിക തലത്തില്‍ സിപിഎമ്മിന്റെ ഘടകങ്ങളില്‍ കടുത്ത അതൃപ്തി പലപ്പോഴും ഉണ്ടാക്കാറുണ്ട്. മാത്രമല്ല, ഇത്തരത്തില്‍ ചെറിയ ഘടകകക്ഷികള്‍ മത്സരിക്കുന്നതുകൊണ്ട് പാര്‍ട്ടി അനുഭാവികളില്‍ ഒരുവിഭാഗം വോട്ടുചെയ്യാന്‍ പോലും തയാറാകാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട് എന്ന വിലയിരുത്തൽ വല്യേട്ടനായ സിപിഎമ്മിനുണ്ട്. അതുകൊണ്ട് ഇക്കുറി ജില്ലാതലങ്ങളില്‍ നടക്കുന്ന സീറ്റ് ചര്‍ച്ചകളില്‍ കടുത്ത സമീപനം സ്വീകരിക്കാനാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ജെഡി, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി, എന്‍സിപി ഉള്‍പ്പെടെയുള്ള കക്ഷികളുടെ കാര്യത്തില്‍ കര്‍ശനമായ നിലപാടാണ് ഇപ്പോള്‍ തന്നെ പല സിപിഎം ജില്ലാകമ്മിറ്റികൾ സ്വീകരിക്കുന്നത്. ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന സീറ്റുചര്‍ച്ചകളില്‍ അൽപമെങ്കിലും പരിഗണന കിട്ടുന്നത് സിപിഐ, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്) എന്നിവർക്ക് മാത്രമാണ്. ഈ നാലു കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കികൊണ്ട് സീറ്റുകള്‍ പരസ്പരം പങ്കിട്ടെടുക്കാനാണ് തീരുമാനം. ഒറ്റ അംഗമുള്ളൂവെങ്കിലും കേരള കോണ്‍ഗ്രസ് (ബി)ക്കും ഈ പരിഗണന കിട്ടും. ഗണേഷ്‌കുമാറിന്റെ എന്‍എസ്എസുമായുള്ള അടുപ്പവും കൊല്ലം ജില്ലയിലെങ്കിലും ഉള്ള സ്വാധീനവും കണക്കിലെടുത്ത് അവരുടെ സീറ്റുകളില്‍ കടുംവെട്ട് ഉണ്ടാകുകയുമില്ല.
Also Read : ഭരണം പിടിക്കാൻ ഇതുപോരാ; മുന്നണി വിപുലീകരിക്കണം, യുഡിഎഫിൽ ചർച്ച സജീവം; വഴങ്ങാതെ കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പുകളിലേയ്ക്ക് സാധാരണ ജില്ലാതലങ്ങളിലാണ് സീറ്റുവിഭജന ചര്‍ച്ചകള്‍ നടക്കുന്നത്. അത് കീറാമുട്ടിയാകുമ്പോള്‍ മാത്രമാണ് സംസ്ഥാനനേതൃത്വം ഇടപെട്ട് പരിഹാരം കാണുന്നതും. ജില്ലാതലത്തില്‍ നടക്കുന്ന സീറ്റുവിഭജന ചര്‍ച്ചകളില്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതിനുള്ള മൗനാനുവാദം ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം സംസ്ഥാന സമിതി നല്‍കിയിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പാര്‍ട്ടികളുടെ ബാഹുല്യം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തന്നെ ഇടതുമുന്നണിക്ക് തലവേദനയായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനങ്ങള്‍ വീതം വയ്ക്കുന്ന വേളയില്‍ തന്നെ സമാന സ്വഭാവമുള്ള ഏകാംഗപാര്‍ട്ടികളോട് ലയിച്ച് ഒന്നാകാന്‍ സി.പി.എം നിര്‍ദ്ദേശിച്ചതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ജെഡിയും ജെഡിഎസും തമ്മില്‍ ലയനചര്‍ച്ചകള്‍ നടത്തിയെങ്കിലും ദേവഗൗഡയുടെ ബിജെപി ബന്ധത്തിന്റെയും മറ്റും പേരുപറഞ്ഞ് അത് അലസിപിരിയുകയും അവര്‍ ലല്ലുപ്രസാദ്‌യാദവിന്റെ ആര്‍ജെഡിയുമായി ലയിക്കുകയുമായിരുന്നു. ഒരോ അംഗങ്ങള്‍ മാത്രമുള്ള രണ്ട് കേരള കോണ്‍ഗ്രസുകളുമുണ്ട്. അവരോടും മാണി ഗ്രൂപ്പുമായും ലയിക്കാന്‍ പറഞ്ഞിരുന്നു. അതിലും തീരുമാനം ഉണ്ടായിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച കാണിച്ചാല്‍ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും അത് വേണ്ടിവരുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് (എം) മുന്നണിയില്‍ വന്നതിന്റെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നഷ്ടമായത്. അതുപോലെ എം പി വീരേന്ദ്രകുമാര്‍ മടങ്ങിവന്നതും സിപിഎമ്മിന് ബാദ്ധ്യതയായിരുന്നു. അവര്‍ക്ക് അനുവദിച്ചു കൊടുത്തതില്‍ സിറ്റിംഗ് സീറ്റുകള്‍ പോലും പരാജയപ്പെടുകയും ചെയ്തു. ഇതൊക്കെ കണക്കിലെടുത്ത് വിട്ടവീഴ്ചയില്ലാത്ത നടപടികള്‍ വേണമെന്നാണ് വിലയിരുത്തല്‍.
സിപിഎമ്മിൻ്റെ ഈ നിലപാട് ഇടതുമുന്നണിയിലെ ചെറുകക്ഷികളില്‍ വല്ലാത്ത അലോസരം ഉണ്ടാക്കിയിട്ടുമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് പോയതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ നഷ്ടമായി. എന്നാലും എക്കാലവും ഇടതുമുന്നണിയോട് കൂറുകാട്ടിയിട്ടുള്ള ആന്റണി രാജുവിനെ വഴിയാധാരമാക്കരുത് എന്ന നിലപാടും സിപിഎമ്മിനുണ്ട്. എന്നാലും ഇപ്പോൾ വിചാരണ നടക്കുന്ന തൊണ്ടിമുതൽ തിരിമറിക്കേസ് വിനയാകാൻ ഇടയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അതിൽ അന്തിമവിധി ഉണ്ടാകാൻ സാധ്യതയുണ്ട്.
സീറ്റുകള്‍ പിടിച്ചെടുക്കുന്നതാണ് ഇടതുമുന്നണിക്കുള്ളിലെ പ്രശ്‌നമെങ്കില്‍ സിറ്റിംഗ് സീറ്റുകള്‍ പോലും ഘടകകക്ഷികള്‍ക്ക് നല്‍കിയ ഉദാരമനസ്‌കതയാണ് കോണ്‍ഗ്രസില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. പല ജില്ലകളിലും മുന്‍കൂട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും ഈ തര്‍ക്കങ്ങള്‍ യു.ഡി.എഫില്‍ അല്‍പ്പം അലോസരം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും ഇപ്പോള്‍ പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തരത്തില്‍ ചില സിറ്റിംഗ് സീറ്റുകള്‍ ആര്‍എസ്പിക്കും സിഎംപിക്കും നല്‍കിയെന്ന പരാതി ഉയരുമ്പോള്‍ കോഴിക്കോട്ട് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ സിഎംപിക്ക് നല്‍കിയെന്നാണ് കുറ്റപ്പെടുത്തല്‍. ഇത് പാര്‍ട്ടിക്കുള്ളില്‍ ചില പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനിയും ഏറെ സമയമുള്ളതിനാൽ അപ്പോഴേക്ക് പരിഹരിക്കാനാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here