‘ഈർക്കിൽ’ പാർട്ടികൾക്ക് പോകണമെങ്കിൽ പോകാമെന്നു സിപിഎം; എൽഡിഎഫ് സീറ്റ് വിഭജനം കടുപ്പമാകും

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയിൽ കൂടുതൽ ചെറുകക്ഷികൾ അവഗണിക്കപ്പെടാൻ സാധ്യത വർധിക്കുന്നു. ഉദാഹരണത്തിന്, ആര്‍ജെഡി മത്സരിച്ച കല്‍പ്പറ്റ സീറ്റ് സിപിഎം തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. വടകര സീറ്റ് ആര്‍ജെഡിക്കു നല്‍കുന്നതിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇക്കുറി ഇടതുമുന്നണിക്ക് കടുപ്പമേറിയതാകാനാണ് സാദ്ധ്യത.
യുഡിഎഫിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ടുകക്ഷികള്‍ മാത്രമേ മുന്നണിയിലുള്ളു എന്നത് ഇക്കാര്യത്തിൽ അവര്‍ക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ തവണത്തേതുപോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാമെന്ന് അവര്‍ കരുതുന്നുണ്ട്. എന്നാല്‍, കൂടുതല്‍ സീറ്റിനുള്ള അവകാശവാദം ലീഗും കേരള കോണ്‍ഗ്രസും (ജോസഫ്) മുന്നോട്ടുവയ്ക്കുന്നുമുണ്ട്. അതൊന്നും നടക്കില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഇടതുമുന്നണിയില്‍ കാര്യങ്ങള്‍ കൂടുതൽ സങ്കീർണമാണ്. ഘടകകഷികളുടെ എണ്ണം തന്നെയാണ് കാരണം. കേരള കോൺഗ്രസ് (എം) ഇക്കുറി കൂടുതൽ സീറ്റ് ആവശ്യപ്പെടുകയും ചെയ്യും. അതോടൊപ്പം മറ്റു ഘടകകക്ഷികളും രംഗത്തുവരും.
ഈ പശ്ചാത്തലത്തിലാണ് കല്‍പ്പറ്റ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളില്‍ ശക്തമാകുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായിരുന്ന കല്‍പ്പറ്റയാണ് എം.വി. ശ്രേയാംസ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ആര്‍ജെഡിക്കു നല്‍കിയത്. അവിടെ അദ്ദേഹം തന്നെ മത്സരിച്ചിട്ടും ജയിച്ചില്ല. സി.കെ. ശശീന്ദ്രനെ നിര്‍ത്തി സിപിഎമ്മിനു വീണ്ടും ജയിക്കാന്‍ കഴിയുമായിരുന്ന സീറ്റ് ആര്‍ജെഡിക്കു കൊടുത്തതു നഷ്ടമായെന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇനിയാ സീറ്റ് ആര്‍ജെഡി പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഇക്കുറി വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളിലും ഇടതു മുന്നണിക്ക് ജയിച്ചുകയറാന്‍ കഴിയുമെന്നാണ് അവിടുത്തെ പാര്‍ട്ടി ഘടകം നേതൃത്വത്തിനു നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. എന്‍.എം.വിജയന്‍റേതുള്‍പ്പെടെ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആത്മഹത്യകളും അതിനെത്തുടര്‍ന്ന് അവിടെ പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളും സിപിഎമ്മിനു ഗുണകരമാകും. മാത്രമല്ല, മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും, വീടുകള്‍ നല്‍കാമെന്ന വാഗ്ദാനം കോൺഗ്രസിനു പാലിക്കാൻ സാധിക്കാത്തതും ഇടതു മുന്നണിക്ക് ഏറെ അനുകൂല ഘടകങ്ങളാണ്.
ഇപ്പോഴത്തെ എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരായ വികാരം മണ്ഡലത്തില്‍ മാത്രമല്ല, ജില്ലയില്‍ തന്നെ ശക്തമായിരിക്കുന്നതിനാല്‍, സുല്‍ത്താന്‍ബത്തേരിയില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ വിജയ ഉറപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. മാനന്തവാടി സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റാണ്. കല്‍പ്പറ്റയിലും ജയിക്കാം. പക്ഷേ, അവിടെ വീണ്ടും ശ്രേയാംസ്‌കുമാറാണ് മത്സരിക്കുന്നതെങ്കില്‍ അക്കാര്യം ഉറപ്പിക്കാൻ കഴിയില്ലെന്നും സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.
സമാന വികാരമാണ് വടകര മണ്ഡലത്തിന്‍റെ കാര്യത്തിലും പാർട്ടിക്കുള്ളത്. ഇടതു മുന്നണിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു ഇത്. ജനതാദൾ-എസിന്‍റെ സിറ്റിംഗ് സീറ്റാണ് കഴിഞ്ഞ തവണ ആര്‍ജെഡിക്കു നല്‍കിയത്. അത് അവർ നഷ്ടപ്പെടുത്തുകയും ചെയ്തു. സീറ്റ് തിരിച്ചെടുത്ത് സിപിഎം അവിടെ മത്സരിക്കണം എന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ഇത്തരം വിലയിരുത്തലുകൾ കാരണം ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തിൽ ആര്‍ജെഡിയുടെ കാര്യം പരിതാപകരമാകാനാണ് സാദ്ധ്യത.
ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് ആര്‍ജെഡിയോടു വലിയ താത്പര്യമില്ല. അവര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് നിലപാട്. കെ.പി. മോഹനനെ മാത്രം ഒപ്പം നിര്‍ത്തുക എന്ന നയമാണ് സിപിഎമ്മിനുള്ളത്. ഇത്തരത്തിലുള്ള പല ചെറു പാര്‍ട്ടികളായി നില്‍ക്കുന്നവർ ഒരുമിക്കണമെന്ന്, കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ജയിച്ചതിനു പിന്നാലെ സിപിഎമ്മും ഇടതു മുന്നണിയും നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍, എച്ച്.ഡി.ദേവഗൗഡയുടെ നിലപാടുകള്‍ ചൂണ്ടിക്കാട്ടി എം.വി. ശ്രേയാംസ്‌കുമാറും കൂട്ടരും ആര്‍ജെഡിയില്‍ ലയിക്കുകയായിരുന്നു. ഇതില്‍ സിപിഎമ്മിനു തൃപ്തിയുണ്ടായിരുന്നില്ല. അതുപോലെ തന്നെയാണ് വിഘടിച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളുടെ കാര്യവും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ സിപിഎം പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടി നേരിട്ടു മത്സരിച്ചത് 77 സീറ്റിലാണ്. അതില്‍ 63 എണ്ണവും ജയിക്കുകയും ചെയ്തു. ചെറുകക്ഷികള്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കി. അതുകൊണ്ട് ഇനി വിട്ടുവീഴ്ചയുണ്ടാകില്ല. ഇതിനിടയില്‍ ചില സീറ്റുകള്‍ വച്ചുമാറുന്നതിനെക്കുറിച്ചും ചിലത് ഏറ്റെടുക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here