തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കെ ഭരണപ്രശ്‌നങ്ങളുമായി ഇടതുമുന്നണി; രാഷ്ട്രീയ വിഷയങ്ങളില്‍ വലഞ്ഞ് യുഡിഎഫ്

തെരഞ്ഞെടുപ്പ് അടുത്തവരുമ്പോള്‍ കേരളത്തിലെ പ്രബല മുന്നണികള്‍ ദിനംപ്രതി വല്ലാത്ത പ്രതിസന്ധികളിലേയ്ക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. ഇടതുമുന്നണിയെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ കുഴപ്പമൊന്നും ഇല്ലെങ്കിലും പോലീസ് തുടങ്ങിയുള്ള ഭരണസംവിധാനങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അവര്‍ക്ക് തലവേദനയാകുന്നു. അതേസമയം യുഡിഎഫിനാണെങ്കില്‍ അപ്രതീക്ഷിതമായി പൊട്ടിവീണ രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക അപവാദം പോലെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധികളാണ് പാരയാകുന്നത്.
ശക്തമായ വിമര്‍ശനം പലകോണില്‍ നിന്നുയര്‍ന്നിട്ടും പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പിനായിട്ടില്ല എന്നതാണ് ഉയരുന്ന പരാതി. എൽഡിഎഫിൽ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനവുമുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വന്നതാണ് സര്‍ക്കാരിനേയും മുന്നണിയേയും വെട്ടിലാക്കിയത്. കുറച്ചുനാളായി പോലീസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതുണ്ടാകുന്നത് അത്ര ഗുണകരമല്ലെന്ന നിലപാടാണ് സിപിഐ അടക്കം ഘടകകക്ഷികള്‍ക്കും ഉള്ളത്.
ഓണാവധി കഴിഞ്ഞ് ഏറെ വൈകാതെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യതയാണ് ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ ചൂണ്ടുപലകയായി എടുക്കണമെന്നാണ് കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായ അഭിപ്രായം. അതുകൊണ്ടുതന്നെ പോലീസ് ഉള്‍പ്പെടെ ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന സര്‍ക്കാർ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം രാഷ്ട്രീയമായി ഇടതുമുന്നണിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. മുന്നണിയോഗത്തിനുള്ളില്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മറ്റുതരത്തില്‍ മുന്നണിയില്‍ വിള്ളലുകള്‍ ഒന്നുമില്ല. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിക്ക് മാത്രമാണ് മുന്നണിയില്‍ അതൃപ്തിയുള്ളത്. അത് സിപിഎം കണക്കിലെടുത്തിട്ടുമില്ല. അവര്‍ക്ക് വേണമെങ്കില്‍ ഏത് നിമിഷവും മുന്നണി വിട്ടുപോകാമെന്ന നിലപാടിലുമാണ് സിപിഎം.
യുഡിഎഫിനേയും വലയ്ക്കുന്നത് രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ്. മിനിമം ഗ്യാരൻ്റിയുള്ള ഒരേയൊരു കക്ഷി ലീഗ് ആണ്. കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ രണ്ടു ടേമകളിലും കൂപ്പുകുത്തുന്ന സ്ഥിതിയുമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ വൻനേട്ടം അവര്‍ അവകാശപ്പെടുന്നു എങ്കിലും എൽഡിഎഫിന് നിലമ്പൂർ ഒഴികെയൊരു സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടിട്ടില്ല. നിലമ്പൂരിൽ അൻവർ രാജിവച്ചത് കൊണ്ടുണ്ടായ സാഹചര്യം മുതലാക്കാൻ കഴിഞ്ഞത് മാത്രമാണ് നേട്ടമെന്നാണ് കോണ്‍ഗ്രസിലെ തന്നെ അഭിപ്രായം.
അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലൈംഗീക ആരോപണങ്ങള്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനേയും വല്ലാതെ വലയ്ക്കുന്നുണ്ട്. പുറമേയ്ക്ക് അത് അവസാനിപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും വിഷയം പൊതുസമൂഹത്തിലേക്കാളേറെ കോണ്‍ഗ്രസിനുള്ളില്‍ വല്ലാതെ പുകയുന്നുണ്ട്. അത് മറികടക്കുക എന്നതാണ് യുഡിഎഫും കോണ്‍ഗ്രസും നേരിടുന്ന ഒരു പ്രധാനപ്രശ്‌നം.
അതോടൊപ്പം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അരഡസനോളം വരുന്ന മുഖ്യമന്ത്രി മോഹികള്‍ മുന്നണിക്ക് വലിയ തലവേദനയാണ്. ലോക്‌സഭയിലേയ്ക്ക് വിജയിച്ചുപോയ പലരും മുഖ്യമന്ത്രിപദവും മന്ത്രിസ്ഥാനവും മുന്നില്‍കണ്ടുകൊണ്ട് നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുകയുമാണ്. ഇവരെ ഒതുക്കുക എന്നത് വലിയ തലവേദനയുമാകും. ഭരണം പിടിക്കുക എന്നതിന് മുൻപേ, ഇവയൊക്കെ മറികടന്നുകൊണ്ട് മുന്നണിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും യുഡിഎഫ് നേരിടുന്ന പ്രധാന പ്രതിസന്ധി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here