വോട്ടു ചോരിയെ കുറിച്ച് മിണ്ടാതെ സാംസ്‌കാരിക നായകര്‍; ഒളിസങ്കേതത്തില്‍ നിന്ന് പുറത്തു വരാന്‍ ഭയമെന്ന് ആക്ഷേപം

നിലമ്പൂരില്‍ തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കില്‍ അത് സ്വരാജിന് നല്‍കിയേനെ എന്നൊക്കെ ഉപതിരഞ്ഞെടുപ്പ് കാലത്ത് തള്ളി മറിച്ച കൂട്ടരായിരുന്നു സിപിഎമ്മിന്റെ ആസ്ഥാന പ്രതികരണ പട്ടാളം എന്ന് അറിയപ്പെടുന്ന സാംസ്‌കാരിക നായകര്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ആസൂത്രിതമായ വിധത്തില്‍ വോട്ടെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചു എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവു സഹിതം പുറത്തു കൊണ്ടുവന്നിട്ടും സാംസ്‌കാരിക നായകരെന്ന് സ്വയം വിളിക്കുന്നവര്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മാളത്തില്‍ ഒളിച്ചിരിക്കയാണ്. അതിന് പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന സമ്പൂര്‍ണ മൗനമാണ്.
ബിജെപിയുടെ കേന്ദ്രനേതൃത്വവുമായി ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തം തുടരുന്ന പിണറായി വിജയന്‍ വോട്ടു ചോരി വിഷയ ത്തില്‍ പിന്തുടരുന്ന കുറ്റകരമായ മൗനത്തെ കുറിച്ച് പറയാന്‍ പോലും പുരോഗമന കലാസാഹിത്യ സംഘം ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഭയമാണ്. എഴുത്തുകാരി കെആര്‍ മീരയടക്കമുള്ള വലിയൊരു സാംസ്‌കാരിക താരനിരയാണ് പരന്ന വായനയും ഉയര്‍ന്ന ചിന്തയുമുണ്ടെന്നൊക്കെ കൊട്ടിഘോഷിക്കുന്ന എം സ്വരാജിനു വേണ്ടി നിലമ്പൂരില്‍ പ്രചരണത്തി നിറങ്ങിയത്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും സാംസ്‌കാരിക നായകര്‍ ചട്ടപ്പടി പ്രതികരണം പോലും നടത്താന്‍ തയ്യാറായില്ല. ജനകീയ വിഷയങ്ങളില്‍, പ്രത്യേകിച്ച് സിപിഎം നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമ്പോള്‍ ഒളിവില്‍ പോകുന്നവരാണ് ആസ്ഥാന ഭജനപ്പാട്ടുകാരായ ഇവര്‍. ഇപ്പോള്‍ ബിജെപിയുടെ കാര്യത്തിലും അതേ നിലപാടിലാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സര്‍വകലാശാലകളിലും കലാലയങ്ങളിലും ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന് ഗവര്‍ണറുടെ തിട്ടൂരം വന്നിട്ടുപോലും എഴുത്താള സംഘം വാ മൂടി ഇരിക്കയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അട്ടിമറിക്കുന്ന സംഘപരിവാറിനെതിരെ മിണ്ടാതിരിക്കാന്‍ സദാ ജാഗ്രത കാണിക്കുന്ന പിണറായി സര്‍ക്കാരിന് ജയ ജയ പാടുന്ന തിരക്കിലാണിവര്‍.
ഭരണഘടന ഉറപ്പു നല്‍കുന്ന സുതാര്യവും നീതിയുക്തവുമായ സാര്‍വത്രിക വോട്ടവകാശത്തെ അട്ടിമറിക്കമ്പോള്‍ എഴുത്തുകാരും കലാകാരന്മാരും മിണ്ടാതിരിക്കുന്നത് ആരെ പേടിച്ചാണ് എന്ന ചോദ്യം സമൂഹം ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സിപിഎമ്മിന്റെ അടിമകളായ സാംസ്‌കാരിക നായകര്‍ ആരുടേയോ ആജ്ഞക്കായി കാത്തിരിക്കയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിക്കു പിന്നില്‍ അണിനിരന്നിട്ടും സംസ്ഥാന സിപിഎമ്മും അവരുടെ പെയ്ഡ് പ്രതികരണക്കാരും തങ്ങള്‍ ഈ നാട്ടുകാരല്ലേ എന്ന മട്ടിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here