സിപിഎമ്മില്‍ എംവി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളോ? ജോതിഷി വിവാദത്തിന് പിന്നാലെ കത്ത് ചോര്‍ത്തല്‍ ആരോപണം; പാര്‍ട്ടിയുടെ അടിവേരറക്കും

സിപിഎമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ നിനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. അതില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതിസ്ഥാനത്ത് വരുന്ന ആരോപണങ്ങള്‍ ഇതുവരെ പറഞ്ഞിരുന്ന ആദര്‍ശങ്ങളേയും ഇരുമ്പ് ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കുന്ന കേഡര്‍ സംവിധാനത്തേയും തകര്‍ത്ത് തരിപ്പണമാക്കുന്നതാണ്. നിശബ്ദമായിരുന്നോ ന്യായീകരിച്ചോ മുന്നോട്ടുപോവുക സിപിഎമ്മിന് അസാധ്യമായ കാര്യമായി മാറികൊണ്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ ഏറ്റവും ഉന്നതതല സമിതിയായ പോളിറ്റ് ബ്യൂറോക്ക് ഒരു വ്യക്തി നല്‍കിയ കത്ത് ചോര്‍ന്നതാണ് പുതിയ വിവാദം. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിച്ച് 2022ല്‍ ലഭിച്ച കത്താണ് ചോര്‍ന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ വഴിയാണ് ഈ കത്ത് പാര്‍ട്ടിക്ക് പരാതിക്കാരന്‍ നല്‍കിയത്. തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തുളള ചില കടലാസുകമ്പനികളുമായി ചേര്‍ന്നുള്ള വന്‍സാമ്പത്തിക തട്ടിപ്പെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കത്ത് ഇപ്പോള്‍ കോടതി രേഖയായിരിക്കുയാണ്.

ഇതിന് പിന്നാലെ കാരണവും സിപിഎമ്മിനെ ഞെട്ടിക്കുന്നതാണ്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍ നിന്നുള്ള പ്രതിനിധിയായി എത്തിയ രാജേഷ് കൃഷ്ണയാണ് കത്തിനെ കോടതി രേഖയാക്കിയിരിക്കുന്നത്. വിവാദ ഇടപാടുകളെ കുറിച്ച് കേന്ദ്രകമ്മറ്റിക്ക് പരാതി ലഭിച്ചതോടെ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിക്കാതെ മടക്കി അയച്ചിരുന്നു. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രാജേഷ് ഒരു മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഈ കേസ് രേഖയിലാണ് പാര്‍ട്ടിക്ക് രഹസ്യമായി ലഭിച്ച കത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസുമായി ഒരു ബന്ധമില്ലാതിരുന്നിട്ടും കത്ത് പുറത്തുവരണം എന്ന ലക്ഷ്യത്തോടെയാണ് ഇത് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. മന്ത്രിമാര്‍ അടക്കം സിപിഎം നേതാക്കള്‍ വലിയ തോതില്‍ പണം സമ്പാദിക്കുകയും ഇത് വിദേശത്ത് എത്തിച്ച് രാജേഷ് കൃഷ്ണ വഴി വെളുപ്പിക്കുക ആണ് എന്നാണ് കത്തിലെ ആരോപണം.

ALSO READ : സിപിഎമ്മില്‍ ജോതിഷ പ്രശ്‌നം; സമയം നോക്കാന്‍ അല്ല എംവി ഗോവിന്ദന്‍ പോയത്; വൈരുധ്യാത്മക ഭൗതികവാദത്തില്‍ തന്നെയെന്ന് എകെ ബാലന്‍

എംവി ഗോവിന്ദനുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് രാജേഷ് കൃഷ്ണ. രാജേിന്് കത്ത് ചോര്‍ത്തി നല്‍കിയത് എംവി ഗോവിന്ദന്റെ മകനായ ശ്യാം ആണ് എന്ന ആരോപണവുമായി പിബിക്ക് കത്ത് നല്‍കിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി എംഎ ബേബിക്ക് ഷര്‍ഷാദ് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന വലിയ പ്രതിസന്ധി സിപിഎം മുന്നില്‍ കാണുന്നുണ്ട്.

എംവി ഗോവിന്ദന്‍ മാത്രം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. എംഎ ബേബി ജനറല്‍ സെക്രട്ടറി ആയതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ചില വിഭാഗീയ നീക്കങ്ങള്‍ നടക്കുന്നതായും അതിന് എംവി ഗോവിന്ദന്‍ കൂടി ഭാഗമാകുന്നതായും ചില സംസാരങ്ങള്‍ ഉയരുന്നുണ്ട്. ഈ നീക്കങ്ങളെ നേരിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗോവിന്ദനെതിരായ ജോതിഷി സന്ദര്‍ശന വിവാദം ഉയര്‍ന്നത് എന്നാണ് കരുതുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വ്യതിചലനം പോലെയല്ല പാര്‍ട്ടിയിലെ രേഖ ചോര്‍ച്ച വിവാദം. ഇതില്‍ തുടര്‍ ചര്‍ച്ചകളും നടപടിയും ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top