പരാതി ചോര്‍ച്ചയില്‍ പകച്ച് സിപിഎം; അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദന്‍; പിബി യോഗം നിര്‍ണായകം

പാര്‍ട്ടിക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതി രേഖയായതില്‍ വിശദീകരണം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ സിപിഎം. മാധ്യമങ്ങളോട് പ്രധാന നേതാക്കളാരും തന്നെ പ്രതികരിച്ചിട്ടില്ല. കത്ത് ചോര്‍ച്ച അസംബന്ധമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ഡല്‍ഹിയില്‍ പിബി യോഗത്തിന് എത്തിയപ്പോഴാണ് പ്രതികരണം ചോദിച്ചത്. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് പ്രതികരിക്കില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍ നടന്നു നീങ്ങി.

ALSO READ : ചോർന്ന കത്ത് സിപിഎമ്മിനെ വല്ലാതെ വേട്ടയാടും; ഇടനിലക്കാരന്‍ നേതാക്കളുമൊത്ത് വ്യാപക തട്ടിപ്പുകള്‍ നടത്തിയെന്ന ഷർഷാദിൻ്റെ ആക്ഷേപം ഞെട്ടിക്കുന്നത്

എന്ത് വിഷയത്തിലും അഭിപ്രായം പറയാറുള്ള എംവി ഗോവിന്ദന്റെ ഈ ഒഴിഞ്ഞുമാറ്റത്തില്‍ തന്നെയുണ്ട് പാര്‍ട്ടി എത്തിയിരിക്കുന്ന പ്രതിസന്ധിയുടെ ആഴം. ലണ്ടനില്‍ വ്യവസായി ആയ രാജേഷ് കൃഷ്ണ ഇടനിലക്കാരനായി പാര്‍ട്ടി നേതാക്കളും മന്ത്രിമാരും പണം സമ്പാദിച്ചു എന്ന ആരോപണമുള്ള കത്താണ് ചോര്‍ന്നത്. കത്തിലെ ഗുരുതരമായ ആരോപണങ്ങളെക്കാള്‍ ഈ കത്ത് ചോര്‍ന്ന് കോടതി രേഖ ആയതിലാണ് സിപിഎം ഞെട്ടിയിരിക്കുന്നത്.

പാര്‍ട്ടി രേഖ ചോര്‍ന്നതിന് പിന്നില്‍ എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കുന്നത്. ഇന്നത്തെ പിബി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. ഗോവിന്ദന്റെ സെക്രട്ടറി സ്ഥാനത്തിന് തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് വിഷയം വളരുന്നത്. മന്ത്രി ശിവന്‍കുട്ടി മാത്രമാണ് ഈ വിഷയത്തില്‍ ഒരു പ്രതികരണം നല്‍കിയത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ALSO READ : സിപിഎമ്മില്‍ എംവി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളോ? ജോതിഷി വിവാദത്തിന് പിന്നാലെ കത്ത് ചോര്‍ത്തല്‍ ആരോപണം; പാര്‍ട്ടിയുടെ അടിവേരറക്കും

മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍ നിന്നുള്ള പ്രതിനിധിയായി എത്തിയ രാജേഷ് കൃഷ്ണയെ സിപിഎം പുറത്താക്കിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ക്കെതിരെ രാജേഷ് ഒരു മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് പിബിക്ക് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തി കോടതി രേഖ ആക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top