സര്‍വത്ര ബഡായി പറച്ചില്‍ മാത്രം; മെസിയെ കൊണ്ടുവരാന്‍ പോയ കായികമന്ത്രി 13 ലക്ഷം പുട്ടടിച്ചത് മിച്ചം

ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുമെന്ന് ബഡായി പറഞ്ഞ കായിക മന്ത്രിയുടെ മറ്റൊരു അവകാശവാദം കൂടി പൊളിഞ്ഞു പാളീസായി. മെസിയെ ഇവിടെ എത്തിക്കാൻ സര്‍ക്കാരിന് നയാ പൈസ ചെലവില്ലെന്ന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ വാദമാണ് പൊളിഞ്ഞത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖപ്രകാരം സര്‍ക്കാരിന് 13 ലക്ഷം രൂപയാണ് മന്ത്രിയുടെ ഒറ്റയാത്രയ്ക്ക് ചെലവായത്.
മെസിയെ ക്ഷണിക്കാനെന്ന പേരില്‍ മന്ത്രിയുടെ സ്‌പെയിന്‍ യാത്രക്കാണ് ഖജനാവില്‍ നിന്ന് തുക ചെലവായത്. 2024 സെപ്തംബറിലായിരുന്നു യാത്ര. മന്ത്രിക്കൊപ്പം വകുപ്പ് സെക്രട്ടറിയും യുവജനകാര്യ ഡയറക്ടറും ഉണ്ടായിരുന്നു. ഇത്രയും തുക പൊട്ടിച്ചിട്ടും മെസ്സിയെയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രധാന ഭാരവാഹികളെയോ മന്ത്രിക്ക് കാണാന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് വിവരം.
2025ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കും എന്നായിരുന്നു അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ‘തീയും വന്നില്ല, ജ്യോതിയും വന്നില്ല’ എന്ന സിനിമ ഡയലോഗ് പോലെയായി കാര്യങ്ങള്‍.
അര്‍ജന്റിന ടീമിന്റെ വരവിനായി 130 കോടിയോളം രൂപ ചെലവ് വരും എന്നായിരുന്നു മന്ത്രിയും സംഘാടകരും വിലയിരുത്തിയത്. സൗഹൃദ മത്സരം സ്‌പോണ്‍സര്‍ ചെയ്യാമെന്ന വാഗ്ദാനവുമായി റിപ്പോര്‍ട്ടര്‍ ബോഡ്കാസ്റ്റിംഗ് കമ്പനിയെത്തി. അവരും കുറെ വാഗ്ദാനങ്ങളും ബഡായിയും പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ആകെ മൊത്തം തരികിടയായെന്ന് പരാതിപ്പെടുന്നവരെ കുറ്റം പറയാനാകാത്ത സ്ഥിതിയായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here