മെസി മാര്‍ച്ചില്‍ വരും; വീണ്ടും അവകാശവാദവുമായി കായിക മന്ത്രി

ലയണല്‍ മെസി കേരളത്തില്‍ വരിക തന്നെ ചെയ്യുമെന്ന് കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍. അടുത്ത മാര്‍ച്ചിയില്‍ മെസിയും കൂട്ടരും കേരളത്തില്‍ എത്തുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 2 ദിവസം മുമ്പ് അര്‍ജന്റീന ഫുട്ബാള്‍ ടീമിന്റെ ഇ മെയില്‍ ലഭിച്ചു. മാര്‍ച്ചില്‍ കേരളത്തില്‍ വരുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. അത് അംഗീകരിച്ച് മറുപടിയും നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവംബറില്‍ കളി നടക്കാതിരിക്കാനുള്ള കാരണം സ്റ്റേഡിയത്തിലെ അസൗകര്യമാണ്. അറ്റകുറ്റപണികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാകും. പണി കഴിഞ്ഞാല്‍ കളി നടത്താന്‍ ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സറുടെ ഭാഗത്ത് നിന്നും നവീകരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി എന്ന് പറയാന്‍ ആകില്ല. ഒരുമിച്ച് നിന്ന് ശ്രമിക്കുന്നത് കളി നടത്താനാണ്. അതിന് എല്ലാവരുടേയും സഹായം വേണമെന്നും മന്ത്രി പറഞ്ഞു.
നേരത്തേ ഒക്ടോബറില്‍ മെസിയും സംഘവും എത്തും എന്നായിരുന്നു മന്ത്രിയും സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ടിവിയും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് നവംബറില്‍ വരുമെന്നയി. എന്നാല്‍ കേരളത്തില്‍ എത്തുമെന്ന് അറിയിച്ച ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം കളിക്കുമെന്ന് അര്‍ജന്റീന പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. അടുത്ത വിന്‍ഡോ ആയ മാര്‍ച്ചില്‍ വരുമെന്നാണ് ഇപ്പോള്‍ മന്ത്രി അവകാശപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here