‘ലിവിങ് ടുഗെതർ കുറ്റമല്ല’! പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം; ഹൈക്കോടതി

ലിവിങ് ടുഗെതർ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികൾക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഭീഷണി നേരിടുന്ന 12 ദമ്പതികൾക്കാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാൻ അവകാശമുണ്ടെന്നും അത് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
വിവാഹിതരാണോ അല്ലയോ എന്നതല്ല, മറിച്ച് ഓരോ പൗരന്റെയും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് ഭരണഘടന മുൻഗണന നൽകുന്നത്. വിവാഹം കഴിച്ചില്ല എന്നത് കൊണ്ട് ഒരാളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ കാരണമാകില്ല. ലിവിങ് ടുഗെതർ ബന്ധങ്ങളോട് സമൂഹത്തിന് വിയോജിപ്പോ അസ്വസ്ഥതയോ ഉണ്ടാകാം. എന്നാൽ അത്തരം ബന്ധങ്ങൾ നിയമവിരുദ്ധമല്ല. സാമൂഹികമായ ശരിതെറ്റുകൾ നിയമത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ സിങ് വ്യക്തമാക്കി.
പ്രായപൂർത്തിയായ ഒരാൾക്ക് ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഇതിൽ ഇടപെടാൻ കുടുംബാംഗങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അവകാശമില്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി പറഞ്ഞു.
ലിവിങ് ടുഗെതർ ദമ്പതികൾക്ക് സംരക്ഷണം നിഷേധിച്ച മുൻകാല കോടതി വിധികൾ സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജി നൽകിയവർ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലാത്തതിനാൽ അവർക്ക് സുരക്ഷ നിഷേധിക്കാൻ നിയമപരമായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാൽ ദമ്പതികൾക്ക് നേരിട്ട് പോലീസ് മേധാവികളെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here