വികസനക്കുതിപ്പിനിടെ പൊലിഞ്ഞ ജീവനുകൾ; മീൻ പിടിക്കാനിറങ്ങിയ അച്ഛനും മകൾക്കും ദാരുണാന്ത്യം!

ഗുജറാത്തിലെ സൂറത്തിന് സമീപം ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായുള്ള പാലം നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ അച്ഛനും ഒൻപത് വയസ്സുകാരിയായ മകൾക്കും ദാരുണ അന്ത്യം. നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്ന് കൂറ്റൻ ഇരുമ്പ് പാളി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. 35കാരനായ മുഹ്‌സിൻ ഇഖ്ബാൽ ഷെയ്ഖ്, മകൾ ഹുമ മുഹ്‌സിൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി തപ്തി നദിക്ക് കുറുകെ പാലം നിർമ്മിക്കുന്ന കഠോർ ഗ്രാമത്തിലാണ് സംഭവം. വൈകുന്നേരം നദിയിൽ മീൻ പിടിക്കുകയായിരുന്നു മുഹ്‌സിനും മകളും. ഈ സമയം മുകളിൽ പാലത്തിന്റെ നിർമ്മാണ ജോലികൾ നടക്കുകയായിരുന്നു. ഇതിനിടെ മുകളിൽ നിന്ന് ഭീമാകാരമായ ഇരുമ്പ് പാളി പെട്ടെന്ന് വേർപെട്ട് താഴെ നിൽക്കുകയായിരുന്ന ഇരുവരുടെയും മേൽ പതിക്കുകയായിരുന്നു. അമിതഭാരമുള്ള ഇരുമ്പ് പാളിക്കടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

നിർമ്മാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഉത്രാൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർമ്മാണ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top