കടുവയെ തടഞ്ഞ് വച്ച് നാട്ടുകാർ; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്; കരുവാരക്കുണ്ടിൽ നാടകീയ സംഭവങ്ങൾ

കാളികാവിലെ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടിലയത്തിന് പിന്നാലെ പ്രദേശത്ത് അരങ്ങേറിയത് നാടക സംഭവങ്ങൾ. പിടിയിലായ കടുവയെ കൊണ്ടുപോകാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ സ്ഥലത്ത് പ്രദേശവാസികൾ തടിച്ചുകൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരെയും കടുവയെയും അവർ തടഞ്ഞുവച്ചു. കടുവയെ കാട്ടിൽ തുറന്നു വിടില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്ന് അവർ ആവശ്യം ഉന്നയിച്ചു.
ഒരു കാരണവശാലും കടുവയെ കാട്ടിലേക്ക് തുറന്നുവിടരുതെന്ന് വണ്ടൂർ എംഎൽഎ എ.പി അനിൽകുമാർ പറഞ്ഞു. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ കടുവയെ കാട്ടിൽ തുറന്നു വിടില്ല എന്ന ഉറപ്പിൻന്മേൽ വനം വകുപ്പ് കടുവയെ അവിടെ നിന്നും മാറ്റുകയുമായിരുന്നു.
വന്യജീവി ആക്രമണത്തിൽ നിയമനിർമാണം ആലോചനയിലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിലുള്ള നിയമത്തിൽനിന്ന് ചെയ്യാവുന്നത് ആലോചിക്കും. കാളികാവിൽ പിടിയിലായ കടുവയെ വനം വകുപ്പ് സൂക്ഷിക്കും. എങ്ങോട്ട് മാറ്റണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here