മെഡിസെപിനെ എടുത്ത് കുടഞ്ഞ് ലോക് അദാലത്ത്; കരള്‍ മാറ്റ ശസ്ത്രക്രിയക്കു ചെലവായ തുക ഉടന്‍ നല്‍കാന്‍ ഉത്തരവ്

കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയയാള്‍ക്ക് മെഡിസെപ് 18 ലക്ഷം രൂപ റീ- ഇംമ്പേഴ്‌സ്‌മെന്റ് നല്‍കണമെന്ന് ലോക് അദാലത്ത് ഉത്തരവ്. എംപാനല്‍ ചെയ്യാത്ത ആശൂപത്രിയില്‍ ചികിത്സ തേടിയാല്‍ പണം കൊടുക്കാനാവില്ല എന്ന സര്‍ക്കാരിന്റേയും ഇന്‍ഷ്വറന്‍സ് കമ്പിനിയുടേയും വാദം തള്ളിക്കൊണ്ടാണ് സുപ്രധാന ഉത്തരവ്. എംപാനല്‍ ചെയ്യാത്ത ആശൂപത്രികളില്‍ ചികിത്സ തേടിയാല്‍ ‘അത്യാഹിത വിഭാഗത്തില്‍’ ഉള്‍പ്പെടുന്ന അസുഖങ്ങള്‍ക്ക് മാത്രമേ മെഡിസെപ് റീ- ഇമ്പേഴ്സ്മെന്റ് നല്‍കൂ. (ഉദാ. വാഹനാപകടം, ഹൃദയാഘാതം). കരള്‍മാറ്റ ശസ്ത്രക്രിയ മുന്‍കൂട്ടി തീരുമാനിച്ച് നടത്തുന്നതായതു കൊണ്ട് പണം കൊടുക്കാനാവില്ല എന്നാണ് സര്‍ക്കാരും ഇന്‍ഷുറന്‍സ് ഏജന്‍സിയായ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പിനിയും എടുത്ത നിലപാട്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കല്ലമ്പലം സ്വദേശി പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ലോക് അദാലത്തിന്റെ നിര്‍ണായക വിധി പ്രസ്താവം. അനില്‍കുമാറിന് കരള്‍രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കിംസില്‍ അഡ്മിറ്റായ
സമയത്ത് മെഡിസെപ് കരള്‍മാറ്റ ചികിത്സ സൗകര്യമുള്ള ആശൂപത്രികളെ എംപാനല്‍ ചെയ്തിരുന്നില്ല എന്ന് അദാലത്ത് കണ്ടെത്തി. കരാര്‍ പ്രകാരം നിശ്ചിത എണ്ണം ആശൂപത്രികളെ എംപാനല്‍ ചെയ്യേണ്ടതായിരുന്നു. അക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. 2022 ജൂലൈ ഒന്നു മുതലാണ് മെഡിസെപ് നിലവില്‍ വന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലൂടെ പ്രതിവര്‍ഷം 3 ലക്ഷം രൂപ അടിസ്ഥാന പരിരക്ഷയായി ലഭിക്കും.
അനില്‍കുമാറിന് രോഗം കലശലായപ്പോള്‍ കിംസ് ആശുപത്രിയില്‍ കരള്‍ ലഭ്യമായ സാഹചര്യത്തില്‍ അവിടെ ശസ്ത്രക്രിയ നടത്താനെ പരാതിക്കാരന് സാധിക്കുമായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് താന്‍ കിംസില്‍ അഡ്മിറ്റായതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കും മറ്റ് അനുബന്ധ ചികിത്സക ള്‍ക്കുമായി 20,54, 901 രൂപ ചെലവായി. അദ്ദേഹത്തിന് മറ്റൊരു ഇന്‍ഷ്വറന്‍സ് കമ്പിനിയുടെ ഹെല്‍ത്ത് പോളിസി ഉണ്ടായിരുന്നു. അതില്‍ നിന്ന് ലഭിച്ച 369367 രൂപ ഹോസ്പിറ്റലില്‍ അടച്ചു. എന്നാല്‍ ചികിത്സക്കായി ചെലവായ തുകകളൊന്നും മെഡിസെപ്പില്‍ നിന്ന് ലഭിച്ചില്ല.
എംപാനല്‍ ചെയ്യാത്ത ആശുപത്രിയില്‍ പോയി ചികിത്സിച്ച വ്യക്തിക്ക് ചികിത്സാ ചെലവ് നല്‍കാന്‍ മെഡിസെപ്പിന് ബാധ്യത ഇല്ലെന്ന നിലപാടാണ് സംസ്ഥാന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്വീകരിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ സാധാരണയായി മുന്‍കൂട്ടി നിശ്ചയിച്ച് നടക്കുന്ന ഓപ്പറേഷനാണ്. അതുകൊണ്ട് തന്നെ ഇതിനെ അടിയന്തര ചികിത്സയുടെ ഭാഗമാണെന്ന് കരുതാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിയാണ് 18 ലക്ഷം രൂപയും, 2023 ഏപ്രില്‍ 18 മുതല്‍ ആറ് ശതമാനം പലിശയും, 10,000 രൂപ കോടതി ചെലവും നല്‍കാനാണ് ലോക് അദാലത്തിന്റെ ഉത്തരവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here