ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ലോക്‌സഭയില്‍ നടപടി തുടങ്ങി; മൂന്നംഗ സമിതിയെ നിയമിച്ചു; സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷൻ

ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി തുടങ്ങി. ലോക്‌സഭയിലാണ് നടപടികള്‍ക്ക് തുടക്കമായിരിക്കുന്നത്. ഇംപീച്ച്‌ ചെയ്യാനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭയെ അറിയിച്ചു.

സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, കര്‍ണ്ണാടകയിലെ നിയമ വിദഗ്ധന്‍ ബിവി ആചാര്യ എന്നിവര്‍ അംഗങ്ങളാണ്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. മൂന്നു മാസമാണ് സമിതിക്ക് അനുവദിച്ചിരിക്കുന്നത്. നൂറ് എംപിമാര്‍ യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ നോട്ടീസ് അംഗീകരിച്ചാണ് നടപടികള്‍ക്ക് തുടക്കമായത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന സമയത്താണ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ വന്‍തോതില്‍ പണം കണ്ടെത്തിയത്.
പിന്നാലെ അലഹബാദ് ഹൈക്കോടതിയിലെ വര്‍മയെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി അന്വേഷണം നടത്തുകയും ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. രാഷ്ട്രപതിക്കാണ് ചീഫ്ജസ്റ്റിസ് ഇംപീച്ച്‌മെന്റ് ശുപാര്‍ശ നല്‍കിയത്. രാഷ്ട്രപതി ഇക്കാര്യം ലോക്‌സഭയെ അറിയിക്കുകയും ചെയതു.

ശീതകാല സമ്മേളനത്തിലാകും ഇംപീച്ച്‌മെന്റ് നടപടികള്‍ ലോക്‌സഭയുടെ പരിഗണനയില്‍ വരിക. ഈ സമയത്ത് തന്റെ ഭാഗം വിശദീകരിക്കാന്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക് അവസരം നല്‍കും. ലോക്‌സഭയില്‍ പരിഗണനയ്ക്ക് വരുന്നതിന് മുമ്പ് ജസ്റ്റിസ് വര്‍മ്മ രാജിവച്ചാല്‍ നടപടികള്‍ അവനസാനിപ്പിക്കുയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top