ഉച്ചഭക്ഷണ കാര്യത്തിൽ മന്ത്രി കള്ളം പറഞ്ഞോ? കേന്ദ്രം ഫണ്ട് അനുവദിച്ചു; രണ്ടാം ഗഡുവിന് കേരളം അപേക്ഷിച്ചിട്ടില്ലെന്ന് മറുപടി

ഡല്‍ഹി: സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളം ആരോപിക്കുമ്പോൾ കേരളം അതിനായി അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി. അടൂര്‍ പ്രകാശ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്. ആദ്യ ഗഡുവായി 54 കോടി വീതം രണ്ടു തവണ നൽകി. രണ്ടാം ഗഡു ലഭിക്കാന്‍ കേരള ഇതുവരെ അപേക്ഷിച്ചിട്ടുമില്ല. ഇതാണ് മറുപടിയുടെ ചുരുക്കം.
പദ്ധതിയുടെ ആദ്യ ഗഡു ലഭിക്കാന്‍ കേരളം അപേക്ഷ നല്‍കിയത് പ്രകാരം 2023-24-ലെ തുകയായ 5416.77 ലക്ഷം രൂപ (54 കോടി രൂപ) 22-09-23നും ബാക്കി വന്ന 5416.77 ലക്ഷം രൂപ (54 കോടി രൂപ) 17-11-23 നും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ രണ്ടാം ഗഡുവിന് കേരളം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അന്നപൂര്‍ണ ദേവി പറഞ്ഞു.
എന്നാല്‍ ഉച്ചഭക്ഷണ ഫണ്ട് പ്രശ്നത്തില്‍ നവംബര്‍ 20 ന് മറ്റൊരു ഭാഷ്യമാണ് മന്ത്രി ശിവന്‍കുട്ടി നല്‍കിയത്. പദ്ധതിയുടെ ആദ്യ ഗഡു 54.16 കോടി രൂപ വീതം രണ്ട് തവണകളായി അനുവദിച്ചുവെന്ന് രേഖാമൂലം കേന്ദ്രമന്ത്രി വ്യക്തമാക്കുമ്പോള്‍ 54.16 കോടിയുടെ ഒരു ഗഡുമാത്രം നല്‍കിയെന്നാണ് ശിവന്‍കുട്ടി വ്യക്തമാക്കിയത്.

രണ്ട് ഗഡുക്കളായി നല്‍കുന്ന ഫണ്ട് സംസ്ഥാനങ്ങളോട് ചോദിക്കാതെ നാല് ഗഡുക്കളാക്കി മാറ്റിയെന്നും ശിവന്‍കുട്ടി ആരോപിച്ചിരുന്നു. “ആദ്യ ഗഡു കേന്ദ്ര വിഹിതത്തിനുള്ള വിശദമായ ശുപാർശ ജൂലൈ നാലിനു സമർപ്പിച്ചുവെങ്കിലും 80 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 22നാണ് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പു വന്നത്”-മന്ത്രി പറഞ്ഞു.
എന്നാല്‍ കേന്ദ്രമന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത് ബാലന്‍സ് തുകയായ മറ്റൊരു 54.16 കോടി രൂപ കഴിഞ്ഞ നവംബര്‍ 17 ന് അനുവദിച്ചുവെന്നാണ്. ശിവന്‍കുട്ടി പ്രസ്താവന നടത്തുന്നതിന് മൂന്ന് ദിവസം മുന്‍പ് കേന്ദ്രം വീണ്ടും 54.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ചാണ് കേന്ദ്രം ആകെ 54.16 കോടി മാത്രമാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞത്. രണ്ടാമതും കേന്ദ്ര ഫണ്ട് ലഭിച്ചത് പുറത്ത് പറയാത്ത മന്ത്രി പദ്ധതിയുടെ രണ്ടാം ഗഡുവിന് കേന്ദ്രത്തിന് അപേക്ഷ നല്‍കാത്ത കാര്യവും ജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here