ഏകാന്തതയെന്ന മഹാമാരി; മണിക്കൂറില്‍ 100 പേര്‍ മരണപ്പെടുന്നു എന്ന് ലോകാരോഗ്യ സംഘടന

ഓരോ മണിക്കൂറിലും ലോകത്ത് 100 പേര്‍ ഏകാന്തത മൂലം മരണപ്പെടുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്നത്. ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് ഏകാന്തത (Loneliness) എന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (World Health Organisation) റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. നിലവിലെ കണക്ക് അനുസരിച്ച് പ്രതിവര്‍ഷം 8,71,000 പേര്‍ മരിക്കുന്നുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലയില്‍പ്പെട്ടവരും എല്ലാ പ്രായത്തിലുള്ളവരും ഏകാന്തതയ്ക്ക് അടിമപ്പെടുന്നുണ്ട്. മെച്ചപ്പെട്ട സാമൂഹ്യബന്ധങ്ങളും ജീവിതാവസ്ഥകളും ഉണ്ടെങ്കില്‍ ഏകാന്തതയെ മറികടക്കാമെന്നാണ് പഠനം തെളിയിക്കുന്നത്. ഏകാന്തത ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുപ്പക്കാരെയും താഴ്ന്ന- ഇടത്തരം വരുമാനമുള്ളവരെയുമാണ്. പ്രായമായ മൂന്നുപേരില്‍ ഒരാളും, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ നാലില്‍ ഒരാള്‍ വീതവും ഏകാന്തത അനുഭവിക്കുന്നവരാണ്.
13നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 17 മുതല്‍ 21 ശതമാനം പേര്‍ ഏകാന്തത നേരിടുന്നുണ്ട്. അതുപോലെ താഴ്ന്ന വരുമാനക്കാരില്‍ 24 ശതമാനം പേരും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആധുനിക ലോകത്ത് , പ്രത്യേക നവമാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കാലത്തുപോലും മനുഷ്യന്‍ ഏകാന്തത അനുഭവിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദ്‌നോം ഗെബ്രിയോസിസ് ( Tedros Adhanom Ghebreyesus) പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും സമുഹവും ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ വ്യക്തികള്‍ നേരിടുന്ന ഏകാന്തതയെ മറികടക്കാനാവു എന്ന് ഗെബ്രിയോസിസ് വ്യക്തമാക്കി.
സാമ്പത്തിക പരാധീനത, മോശം ആരോഗ്യം, മാറാവ്യാധികള്‍, കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍, ഒറ്റപ്പെട്ട് താമസം തുടങ്ങി നിരവധി കാരണങ്ങളാണ് ഏകാന്തതയ്ക്ക് കാരണമായി പറയപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here