അഴിക്കുള്ളിലെ പ്രണയം! ജീവപര്യന്തം തടവുകാർ പരോളിൽ വിവാഹിതരായി

ജയിൽ ചുവരുകൾക്കുള്ളിൽ തുടങ്ങിയ പ്രണയം ഒടുവിൽ വിവാഹപ്പന്തലിലെത്തി. രണ്ട് വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന പ്രിയ സേത്തും ഹനുമാൻ പ്രസാദും ആണ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പരോളിലിറങ്ങി വിവാഹിതരായത്.
രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 15 ദിവസത്തെ പരോളാണ് ഇവർക്ക് അനുവദിച്ചത്. അൽവാർ ജില്ലയിലെ ബറോഡമേവ് ഗ്രാമത്തിലുള്ള ഹനുമാന്റെ കുടുംബവീട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ജയ്പൂരിലെ സാംഗനീർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. നല്ല നടപ്പുള്ള തടവുകാർക്ക് ജോലിക്കെത്താനും കുടുംബാംഗങ്ങളുമായി ഇടപഴകാനും അനുവാദമുള്ളയിടമാണ് ഓപ്പൺ ജയിലുകൾ. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ഒരുമിച്ച് കഴിഞ്ഞ ഇവർ പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. നവംബറിൽ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ജനുവരിയിൽ പരോളിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. വിവാഹ ശേഷം ഇവർക്ക് തിരികെ ജയിലിലേക്ക് മടങ്ങണം.
2018ൽ ജയ്പൂരിൽ വെച്ച് ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് 34കാരിയായ പ്രിയ സേത്ത്. സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, പിന്നീട് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു. 2017ൽ അൽവാറിൽ നടന്ന അതിക്രൂരമായ കൂട്ടക്കൊലപാതകത്തിലെ പ്രതിയാണ് 29കാരനായ ഹനുമാൻ പ്രസാദ്. അഞ്ചുപേരടങ്ങുന്ന കുടുംബത്തെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മുൻപ് ഉണ്ടായിരുന്ന ബന്ധങ്ങൾ ഉപേക്ഷിച്ചാണ് ഇരുവരും ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന വിവാഹ ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തെ വിരുന്നോടെ അവസാനിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here