പ്രണയവിവാഹത്തെച്ചൊല്ലി തർക്കം; യുവാവിന്റെ മൂക്ക് മുറിച്ചുമാറ്റി പെൺവീട്ടുകാർ

രാജസ്ഥാനിൽ പ്രണയവിവാഹത്തെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം അവസാനിച്ചത് ചോരക്കളിയിൽ. രാജസ്ഥാനിലെ ബാർമറിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹം കഴിച്ച യുവാവിന്റെ ജ്യേഷ്ഠന്റെ മൂക്ക് പെൺവീട്ടുകാർ ആയുധം ഉപയോഗിച്ച് മുറിച്ചുമാറ്റി. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ പെൺകുട്ടിയുടെ അമ്മാവന്റെ കാല് അടിച്ചൊടിക്കുകയും ചെയ്തു.

ശ്രാവൺ സിംഗ് എന്ന 25കാരനും അതേ ഗ്രാമത്തിലെ പെൺകുട്ടിയും തമ്മിലുള്ള പ്രണയവിവാഹമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പെൺകുട്ടിയുടെ കുടുംബം ഈ വിവാഹത്തെ എതിർത്തിരുന്നു. നിലവിൽ ശ്രാവൺ സിംഗും ഭാര്യയും ഗുജറാത്തിലാണ് താമസം. ശ്രാവണിന്റെ ജ്യേഷ്ഠനായ യുകെ സിംഗ് പാടത്തുനിന്ന് മടങ്ങിവരുന്നതിനിടെ പെൺകുട്ടിയുടെ അമ്മാവൻ ധർമ്മ സിംഗും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവർ യുകെ സിംഗിന്റെ മൂക്ക് മുറിച്ചുമാറ്റി. വിവരമറിഞ്ഞ യുവാവിന്റെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടിലെത്തി ധർമ്മ സിംഗിനെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഇയാളുടെ കാല് ഒടിഞ്ഞു. പരിക്കേറ്റ രണ്ടുപേരെയും ആദ്യം ഗുഡമാലാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ യുകെ സിംഗിനെ സാഞ്ചോറിലേക്കും, ധർമ്മ സിംഗിനെ ജോധ്പൂരിലേക്കും മാറ്റി. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തിന്റെയും പരാതിയിൽ കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top